Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കാര്‍ ഡ്രൈവറുടെ മൊഴിയെടുക്കും

കോട്ടയം- ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീ താമസിച്ച കുറവിലങ്ങാട്്് കോണ്‍വെന്റിലെ കാര്‍ ഡ്രൈവറുടെ മൊഴിയെടുക്കും. തൃശൂര്‍ സ്വദേശിയായ ഇയാളുടെ വിവരങ്ങള്‍ ഇന്നലെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കുറവിലങ്ങാട്ടെ മഠത്തില്‍ വെച്ച് 15 ഓളം തവണ ബിഷപ്പ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കന്യാസ്ത്രീ പോലീസിന് നല്‍കിയ പരാതിയിലും രഹസ്യ മൊഴിയിലും വ്യക്തമാക്കിയിരുന്നത്. കന്യാസ്ത്രീ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് എത്തിയിരുന്നതായി സന്ദര്‍ശന രജിസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. ബിഷപ്പ് വന്നതിന്് കൂടുതല്‍ സ്ഥിരീകരണം ലഭിക്കുന്നതിന് വേണ്ടിയാണ് ഡ്രൈവറെ ചോദ്യം ചെയ്യുന്നത്.

അതിനിടെ, പരാതിക്കാരിയായ കന്യാസ്ത്രീയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്ന സംഭവത്തില്‍ അന്വേഷണ സംഘം കന്യാസ്ത്രീയില്‍ നിന്ന് മൊഴിയെടുത്തു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് അന്വേഷണച്ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ.സുഭാഷും സംഘവും കുറവിലങ്ങാട്ടെ കോണ്‍വെന്റിലെത്തി കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത്.

ഫോണ്‍ സംഭാഷണം താന്‍ തന്നെ സഹോദരന്‍ വഴി പുറത്തു വിട്ടതാണെന്നാണ് കന്യാസ്ത്രീ മൊഴി നല്‍കിയതെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചതിനെക്കുറിച്ച് തനിക്ക് കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു കര്‍ദിനാളിന്റെ വാദം. അന്വേഷണ സംഘം നടത്തിയ മൊഴിയെടുക്കലിലും കര്‍ദിനാള്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതോടെയാണ് കന്യാസ്ത്രീ കര്‍ദിനാളിനോട് പീഡനത്തെക്കുറിച്ച് പറയുന്ന ഫോണ്‍ സംഭാഷണം മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. താനാണ് മാധ്യമങ്ങള്‍ക്ക് ശബ്ദരേഖ കൈമാറിയതെന്ന് കന്യാസ്ത്രീയുടെ സഹോദരനും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
---

 

 

Latest News