കുറുക്കിക്കുറുക്കി വീര്യം കൂട്ടി ചെറിയൊരു ഡെപ്പിയിൽ ചോർന്നു പോകാതെ അടച്ചു വെക്കുന്നതിനാണ് പലപ്പോഴും വിശാലമായ സ്പെയ്സിനേക്കാൾ സ്ഫോടനാത്മകത സൃഷ്ടിക്കാൻ സാധിക്കുന്നത്. എല്ലാം കാപ്സ്യൂൾ പരുവത്തിലാക്കി എളുപ്പത്തിലാക്കി സേവിക്കുന്ന സമകാലിക ലോകത്തിന്റെ സ്വഭാവത്തിനോട് കൂറുപുലർത്തുന്ന കുറുങ്കവിതകളുടെ ഒരു കൂട്ടമാണ് അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ അനിൽ കെ.കുറുപ്പന്റെ 'സ്പെയർ പാർട്സ്' എന്ന കവിതാ സമാഹാരം. ലോഗോസ് ബുക്സാണ് ഇതിന്റെ പ്രസാധകർ.
കുറച്ച് വരികളുമായി വന്ന് ബോധത്തിന്റെ ചെറിയൊരറ്റത്തെ തൊട്ട് അവയുടെ മൂർച്ചയാൽ ചിന്തകളുടെ നാഡികളിലേക്ക് തുളച്ച് കയറി പറയാനുള്ളത് പറഞ്ഞു വെക്കുന്ന അൻപത്തഞ്ച് കവിതകളെയാണ് 'സ്പെയർ പാർട്സ്' ഉൾക്കൊള്ളുന്നത്. ആദ്യ പേജുകളിലെ ചെമ്പരത്തി, കയർ, സിറിഞ്ച്, യാത്ര തുടങ്ങിയ കവിതകൾ പ്രണയത്തേയും ജീവിതത്തേയും മനോഭാവങ്ങളേയും അതിജീവനങ്ങളേയും മറ്റൊരു തലത്തിലേക്ക് മറിച്ചിടുന്നു. അതു കൊണ്ട് തന്നെ എത്ര പഴയ കാര്യങ്ങളാണെങ്കിലും അവയുടെ രൂപത്തിന്റെ പുതുമയിൽ വായനക്കാർ ആകൃഷ്ടരാവുന്നു. സ്വാഭാവികമായും അതിലെ വരികളെ വിചാരങ്ങളുടെ മേച്ചിൽപ്പുറങ്ങളിലേക്ക് കൂടെ കൂട്ടുന്നു. അവിടെ തന്നെയാണ് ഈ കവിയുടെ പരിശ്രമങ്ങൾ വിജയിക്കുന്നത്.
'അടിച്ചമർത്തും തോറും
ആഴ്ന്നിറങ്ങുന്നുണ്ട്
പിഴുതെറിയാനാവാത്ത
ആത്മബലം' (ആണി )
നിശബ്ദരാക്കപ്പെട്ട് അടിച്ചമർത്തലിന് വിധേയമാക്കപ്പെടുന്നവരുടെ പിഴുതുമാറ്റാൻ കഴിയാത്ത സ്വത്വബോധത്തെ എത്ര കുറഞ്ഞ വാക്കുകളിലാണ് ഈ കവിത കോറിയിടുന്നത്?
മനുഷ്യന്റെ ഏറ്റവും വലിയ അഭയം അമ്മയായതിനാലാവണം അമ്മ എന്ന കവിതയിൽ, 'വീണു പോകുന്നവരെയെല്ലാം താങ്ങിനിർത്തുന്നതിനാലാവണം ഭൂമി അമ്മയായത്'എന്ന് പറഞ്ഞ് കവി തന്റെ കടം വീട്ടുന്നത്. തലയിണയോളം സ്വപ്നം കണ്ടവർ വേറെയില്ല എന്നൊരു കവിത ആശ്ചര്യം കൊള്ളുമ്പോൾ, എത്ര സ്വപ്നങ്ങളുടെ അഴകളവിന് സാക്ഷിയായിരിക്കാം നാം അമർത്തി ക്കിടന്ന തലയിണകളെന്ന് നമ്മളും കൂടെ ചേരുന്നു.
വേറൊരു കവിത പ്രകൃതിയിൽ പ്രതികാരങ്ങൾക്ക് സ്നേഹത്തിന്റെ മധുരം കൊടുത്ത് രൂപം മാറ്റിയെടുക്കുമ്പോൾ അത് ഒരേ സമയം മനോഹരമാക്കുന്നത് മനുഷ്യന്റെ ഉള്ളും പുറവുമാണ്. കവിയുടെ കാക്കനോട്ടങ്ങളിൽ പല കാര്യങ്ങളുടേയും കാഴ്ച വേറിട്ടതാവുന്നതിന്റെ തെളിവാണ്
'വിൽപനയ്ക്കുവെച്ച
ഒരു പേനക്കും തീർച്ചയില്ല
താനേതു ഭാഷയിലാണ്
ആദ്യാക്ഷരം കുറിക്കുന്നതെന്ന് ...' എന്ന വരികൾ ഭാഷ എന്ന കവിതയിൽ വായിക്കുമ്പോൾ സഹൃദയന് ലഭിക്കുക.
നമ്മൾ എന്ന സങ്കൽപ്പത്തെ വിഭജിച്ച് ഞാനും നീയുമെന്ന രണ്ടെണ്ണമാക്കാൻ നമുക്കുള്ള മിടുക്കിനെ ഒരു കുത്ത്്് കുത്തുന്നുണ്ട് രാജ്യമെന്ന കവിത. ഓർമകൾ, പ്രണയം, ജീവിതം, സോഷ്യൽ മീഡിയ, ദിനേനെയുള്ള കാഴ്ചകൾ തുടങ്ങിയവയുടെ വിവിധ രാഷ്ട്രീയ തലങ്ങൾ തീക്ഷ്ണമായ വാക്കുകളിലൂടെ അവതരിപ്പിക്കുന്ന വലിയ കുഞ്ഞുകവിതകൾ 'പൊക്കമില്ലാത്തതാണെന്റെ പൊക്കം' എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളെ ഓർമിപ്പിക്കുന്നു.
എല്ലാത്തിനേയും നിർവചിച്ച് ആശ്വാസം കൊള്ളാൻ ധൃതിപ്പെടുന്നവരെ ഓർമപ്പെടുത്തുന്നുണ്ട് കണ്ണീരെന്ന കവിതയിൽ..
' കണ്ണീരെന്നാൽ
രണ്ടു ഹൈഡ്രജനും
ഒരു ഓക്സിജനും
കൂടി ചേരുന്നതല്ല...!
രണ്ടു ഹൃദയങ്ങളും
ഒരു വികാരവും
വേർപിരിയുന്നതാണ്' .
എത്രയൊക്കെ കൊട്ടിഘോഷിച്ചാലും മേനി നടിച്ചാലും മുടന്തി വീഴുന്നതും കൂടിയാണ് മനുഷ്യ ജീവിതം എന്നു പറയുന്ന അവസാന പേജിലെ കവിത വായനക്കാരനെ വീഴുന്നിടത്ത് നിന്ന് എഴുന്നേൽപ്പിക്കാനുള്ള പ്രചോദനം കൂടിയാണ്.
ആമുഖക്കുറിപ്പിൽ പറഞ്ഞ പോലെ പല അവയവങ്ങളുടെ, അവസ്ഥകളുടെ, ആത്മസംഘർഷങ്ങളുടെ ഒരുക്കൂട്ടൽ തന്നെയാണ് ഈ പുസ്തകം. ഓരോ ഭാഗങ്ങളായി വേർപ്പെട്ട് പല ഇടങ്ങളിലെത്തി ചേരുന്നതോ അല്ലെങ്കിൽ പല ഇടങ്ങളിൽ നിന്നായി വന്ന് കൂടിച്ചേർന്ന് വലിയൊരു ചേതനയാവാനാണോ എന്നറിയില്ല. അനിൽ കെ കുറുപ്പന്റെ 'സ്പെയർ പാർട്സ് ' എന്ന കവിതാ സമാഹാരം വായനക്കാരന് മുൻധാരണകളുടെ വേലിക്കെട്ടുകളിൽ നിന്നിറങ്ങി നടക്കാനുള്ള നല്ലൊരു വായനാനുഭവം തന്നെയാണ്.
സ്പെയർ പാർട്സ് (കവിതകൾ)
അനിൽ കെ.കുറുപ്പൻ
ലോഗോസ് ബുക്സ്, വില: 110 രൂപ.