Sorry, you need to enable JavaScript to visit this website.

ഭൂരിപക്ഷം ഉറപ്പിക്കാൻ തീവ്രനീക്കവുമായി ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ്- പാക്കിസ്ഥാൻ പ്രധാനമന്ത്രി പദം ഉറപ്പിക്കുന്നതിനായി ചെറുപാർട്ടികളോടും സ്വതന്ത്രരോടും ഇംറാൻ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി ചർച്ച തുടങ്ങി. 116 സീറ്റുകളാണ് ഇമ്രാൻ ഖാൻ നേടിയത്. 137 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. ഇന്നലെ ഉച്ചയോടെയാണ് പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പൂർണചിത്രം തെളിഞ്ഞത്. നവാസ് ഷരീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ മുസ്‌ലിം ലീഗിന് 64 സീറ്റുകളുണ്ട്. സ്വതന്ത്രരും ചെറുപാർട്ടി നേതാക്കളും ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവ് ഫവാദ് ചൗധരി വ്യക്തമാക്കി. പാക് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് പതിനാലിന് മുമ്പ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനാണ് ഇമ്രാൻ ഖാന്റെ തീരുമാനം. അതേസമയം, തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്നാരോപിച്ച് പ്രക്ഷോഭം നടത്താനും ചില പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, പാർലമെന്റ് ബഹിഷ്‌കരിക്കണോ, പുതിയ വോട്ടിംഗ് നടത്തണോ എന്നത് സംബന്ധിച്ച് ഈ പാർട്ടികൾക്കിടയിൽ അഭിപ്രായവ്യത്യാസവും നിലനിൽക്കുന്നു. 
16.86 മില്യൺ വോട്ടുകളാണ് ഇമ്രാൻഖാന്റെ പി.ടി.ഐ നേടിയത്. പ്രതീക്ഷിച്ചതിനേക്കാളേറെ വോട്ടുകളാണ് ഇത് എന്നാണ് വിലയിരുത്തൽ. 12.89 മില്യൺ വോട്ടുകൾ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗിന് ലഭിച്ചു. 272 സീറ്റുകളാണ് പാക്കിസ്ഥാൻ പാർലമെന്റിലുള്ളത്.
 

Latest News