വിജയവാഡ- ഓൺലൈൻ ജോലി തട്ടിപ്പ് സംഭവത്തിൽ ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിയായ കെ ഹർഷവർദ്ധൻ എന്ന യുവ എഞ്ചിനീയറിംഗ് ബിരുദധാരിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ശേഷം ജോലി സാധ്യതകൾക്കായി ഇന്റർനെറ്റിൽ തിരഞ്ഞു തുടങ്ങിയ ഹർഷൻ സുഹൃത്ത് കൃഷ്ണ ചൈതന്യ റെഡ്ഡിയുടെ ഉപദേശപ്രകാരമാണ് "ഡെവലപ്പർ പ്രൊഫഷണലുകൾ" എന്ന ടെലിഗ്രാം ഗ്രൂപ്പിൽ ചേർന്നത്. സോഫ്റ്റ്‌വെയർ ജോലികൾ കണ്ടെത്താൻ യുവാക്കളെ സഹായിക്കുമെന്നാണ് ഈ ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നത്.
ഹർഷവർദ്ധൻ ഗ്രൂപ്പിലെ ജോലി പോസ്റ്റിംഗുകൾ പരിശോധിക്കുമ്പോൾ ജോലി ദാതാവായി പരിചയപ്പെടുത്തിയ ഒരാളെ കണ്ടുമുട്ടി. ഇയാൾ അദ്ദേഹത്തിന് ബംഗളൂരുവിലെ എൽടിഐ മൈൻഡ്ട്രീ ലിമിറ്റഡിൽ ജോലി വാഗ്ദാനം ചെയ്തു. പകരം 20 ലക്ഷം രൂപയാണ് ചോദിച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഒന്നിലധികം തവണകളായി പണം ട്രാൻസ്ഫർ ചെയ്തായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ഹർഷവർദ്ധൻ അപ്പോയിന്റ്മെന്റ് ലെറ്റർ വാങ്ങാൻ ബംഗളൂരുവിലെ എൽടിഐ മൈൻഡ്ട്രീ ലിമിറ്റഡിൽ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. അതൊരു വ്യാജ ജോലി വാഗ്ദാനമായിരുന്നു. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഹർഷൻ ഉടൻ തന്നെ സംഭവം പോലീസിൽ അറിയിച്ചു. എഫ്‌ഐആർ ഫയൽ ചെയ്ത് കാത്തിരിക്കയാണ് യുവാവ്.അടുത്ത കാലത്തായി തൊഴിൽ തട്ടിപ്പുകൾ വ്യാപകമായിട്ടുണ്ട്. മികച്ച അവസരങ്ങൾ വിശ്വസിച്ച ലരും തട്ടിപ്പുകാരുടെ ഇരകളായി.