Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടെ ഐ.സി.യു പീഡനം; ഗൈനക്കോളജി ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി യുവതി

കോഴിക്കോട് - കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ.സി.യുവിൽ പീഡനത്തിന് ഇരയായ യുവതി ഡോക്ടർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. അറ്റൻഡർ പീഡിപ്പിച്ച കേസിൽ തന്നെ പരിശോധിക്കാനെത്തിയ ഗൈനക്കോളജി ഡോക്ടർ കെ.വി പ്രീത മോശമായാണ് പെരുമാറിയതെന്നും ദേഷ്യപ്പെട്ടുവെന്നും അതിജീവിത പറഞ്ഞു. 
 ശാസ്ത്രീയമായ പരിശോധനയൊന്നും ഡോക്ടർ നടത്തിയില്ല. പീഡനം സംബന്ധിച്ച വിവരങ്ങളെല്ലാം വിശദമായി പറഞ്ഞെങ്കിലും അതൊന്നും രേഖപ്പെടുത്തിയില്ല. പോലീസ് കമ്മിഷണർക്ക് കൊടുത്ത റിപ്പോർട്ടിൽ താൻ പറഞ്ഞതെല്ലാം രേഖപ്പെടുത്തിയെന്നാണ് പറയുന്നത്. ആ റിപ്പോർട്ട് എവിടെയെന്നും അതിജീവിത ചോദിച്ചു.
  മെഡിക്കൽ കോളജിലെ അറ്റൻഡർ ശശീന്ദ്രൻ സ്പർശിച്ചിട്ടേയുള്ളുവെന്ന് താൻ പറഞ്ഞതായാണ് ഡോക്ടർ രേഖപ്പെടുത്തിയതെന്ന് അതിജീവിത ആരോപിച്ചു. ശരീരത്തിൽ പീഡനത്തിന്റെ ഭാഗമായി ഉണ്ടായ അടയാളങ്ങളൊന്നും കണ്ടില്ലെന്നാണ് ഡോക്ടർ രേഖപ്പെടുത്തിയത്. ഡോക്ടർക്കൊപ്പം പരിശോധിക്കാനെത്തിയ നഴ്‌സ് മുറിവുകൾ കണ്ടിട്ട് അത് പറഞ്ഞിരുന്നു. ഭർത്താവിന്റെ കൈയ്യുടെ അടയാളങ്ങളായിരിക്കാമെന്നും അതുകൊണ്ടുണ്ടായ ബ്ലീഡിങ്ങ് ആയിരിക്കാമെന്നും ഡോക്ടർ പറഞ്ഞത് കേട്ടെന്നും അതിജീവിത വേദനയോടെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. 
 ഒരാളുടെ നിർബന്ധത്തിന് വഴങ്ങി വന്നത് പോലെയാണ് ഡോക്ടറുടെ ഇടപെടൽ ഫീൽ ചെയ്തത്. പറയുന്നത് മുഴുവൻ കേട്ടുവെന്നല്ലാതെ വിശദീകരണമൊന്നും ചോദിച്ചില്ല. സ്വകാര്യഭാഗത്ത് മുറിവുണ്ടായിരുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഈ മുറിവും വേദനയുമെക്കെ സഹിച്ചത് താനാണ്. പിന്നീട് തന്നെ ശുശ്രൂഷിച്ച ഭർത്താവ് പീഡനത്തിന്റെ ഭാഗമായി ശരീരത്തിലുണ്ടായ മുറിവുകൾ കണ്ടിട്ടുണ്ട്. മൂത്രമൊഴിക്കാൻ പോലും സാധിക്കുന്നില്ലെന്ന് ഡോക്ടറോട് പറഞ്ഞിരുന്നെങ്കിലും അതൊന്നും ഡോക്ടർ രേഖപ്പെടുത്തിയില്ല. പീഡിപ്പിക്കപ്പെട്ടില്ലെന്ന നിലപാടുണ്ടാക്കാനാണ് താൽപര്യമെന്ന് ഡോക്ടറുടെ സമീപനത്തിൽനിന്നും തോന്നിയിരുന്നു. പരിശോധന കഴിഞ്ഞയുടനെ തന്റെയും ഭർത്താവിന്റെയും ഐ.ഡി പ്രൂഫ് ചോദിച്ച് അതുണ്ടെങ്കിലേ റിപ്പോർട്ട് എഴുതാനാവൂ എന്നും ഡോക്ടർ നിലപാട് സ്വീകരിച്ചു.
 പീഡനം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് ഡോക്ടർ പരിശോധനയ്ക്ക് എത്തിയത് തന്നെയും. ശരീരത്തിൽ മുറിവുണ്ടായിരുന്നുവെന്ന വിവരം ഡോക്ടർ പ്രീതയ്ക്ക് അറിയാമായിരുന്നു. പീഡനസമയത്ത് അറ്റൻഡറുടെ കൈകൊണ്ട് സംഭവിച്ചതാണ് മുറിവെന്ന് അപ്പോൾ തന്നെ ഡോക്ടറോട് പറഞ്ഞതായും അതിജീവിത പറഞ്ഞു. പീഡന സമയത്ത് കൈ അനക്കി ചെറുക്കാൻ ശ്രമിച്ചെങ്കിലും കൈയൊന്നും അനങ്ങുന്ന സാഹചര്യമായിരുന്നില്ല. പ്രതിരോധിക്കാൻ കഴിഞ്ഞില്ലെങ്കിലും അറ്റൻഡർ എന്താണ് ചെയ്യുന്നതെന്ന് അറിയുന്നുണ്ടായിരുന്നുവെന്നും ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായത് ലജ്ജാകരവും വേദനിപ്പിക്കുന്നതുമായ ഇടപെടലായെന്നും തനിക്ക് നീതി ലഭിക്കണമെന്നും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു.
 

Latest News