Sorry, you need to enable JavaScript to visit this website.

ഇതു ചരിത്രം; പാക് തെരഞ്ഞെടുപ്പില്‍ ആദ്യമായി ഹിന്ദു സ്ഥാനാര്‍ത്ഥി മത്സരിച്ചു ജയിച്ചു

ഇസ്ലാമാബാദ്- പാക്കിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിന്റെ ജനപ്രതിനിധി സഭയായ ദേശീയ അസംബ്ലിയിലേക്ക് ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു സ്ഥാനാര്‍ത്ഥി ജനറല്‍ സീറ്റില്‍ മത്സരിച്ചു ജയിച്ചു. സിന്ധ് പ്രവിശ്യയിലെ ദേശീയ അസംബ്ലി മണ്ഡലമായ ഥര്‍പാര്‍ക്കര്‍-രണ്ടില്‍ മത്സരിച്ച മഹേഷ് കുമാര്‍ മലാനി ആണ് വന്‍ഭൂരിപക്ഷത്തിന് ജയിച്ച് ചരിത്രം സൃഷ്ടിച്ചത്. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (പി.പി.പി) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മഹേഷ് കുമാറിന് 1,06,630 വോട്ടു ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ ഗ്രാന്റ് ഡെമോക്രാറ്റിക് അലയന്‍സ് സ്ഥാനാര്‍ത്ഥി അര്‍ബാബ് സകാഉല്ലയ്ക്ക് 87,251 വോട്ടു മാത്രമെ ലഭിച്ചുള്ളൂ. 14 സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കിയാണ് മഹേഷ് കുമാറിന്റെ വിജയം.

രാജസ്ഥാനി പുഷ്‌കര്‍ന ബ്രാഹ്മണ വിഭാഗക്കാരനായ മഹേഷ് കുമാര്‍ നേരത്തെ 2003 മുതല്‍ 2008 വരെ സംവരണ സീറ്റില്‍ പാര്‍ലമെന്റ് അംഗമായിരുന്നിട്ടുണ്ട്. അന്ന് പി.പി.പി നാമനിര്‍ദേശം ചെയ്താണ് പാര്‍ലമെന്റിലെത്തിയത്. എന്നാല്‍ ഇത്തവണ ജനറല്‍ സീറ്റില്‍ മത്സിരിച്ച് ജയിച്ചാണ് ദേശീയ അസംബ്ലിയിലെത്തുന്നത്. പ്രവിശ്യാ അസംബ്ലിയിലേക്ക് ജനറല്‍ സീറ്റില്‍ മത്സരിച്ച ജയിച്ച ആദ്യ ഹിന്ദു സ്ഥാനാര്‍ത്ഥിയും മഹേഷ് കുമാര്‍ തന്നെയാണ്. 2013-ലാണ് സിന്ധ് പ്രവിശ്യാ അസംബ്ലിയിലേക്ക് പി.പി.പി സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം മത്സരിച്ച് ജയിച്ചത്.

മുന്‍ സൈനിക ഭരണാധികാരിയും പ്രസിഡന്റുമായിരുന്ന ജനറല്‍ പര്‍വേസ് മുഷര്‍റഫ് 2002-ല്‍ ഭരണഘടന ഭേദഗതി ചെയ്തതിനെ തുടര്‍ന്നാണ് പാക്കിസ്ഥാനില്‍ മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് വോട്ടു ചെയ്യാനും മത്സരിക്കാനുമുള്ള അവകാശം ലഭിച്ചത്. ഇതിനു ശേഷം 16 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് മുസ്ലിം അല്ലാത്ത ഒരാള്‍ ദേശീയ അസംബ്ലിയിലേക്ക് ജനറല്‍ സീറ്റില്‍ മത്സിരിച്ച് ജയിക്കുന്നത്.

പാക്കിസ്ഥാനില്‍ മുസ്ലിംകളല്ലാത്ത മത ന്യൂനപക്ഷങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ അധോസഭയായ സെനറ്റിലും ദേശീയ, പ്രവിശ്യാ അസംബ്ലികളിലും സംവരണമുണ്ട്. 272 അംഗ ദേശീയ അസംബ്ലിയിലെ 10 സീറ്റുകളാണ് ന്യൂനപക്ഷത്തിന് സംവരണം ചെയ്തിരിക്കുന്നത്. വിവിധ പാര്‍ട്ടികള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച സീറ്റിന്റെ അനുപാതികമായി ഈ സംവരണ സീറ്റുകള്‍ വിതരണം ചെയ്യും.

സ്ത്രീകള്‍ക്കും മുസ്ലിംകള്‍ അല്ലാത്തവര്‍ക്കും പാക്കിസ്ഥാനിലെ നിയമനിര്‍മ്മാണ സഭകളില്‍ രണ്ടു ടേമുകള്‍ മാത്രമെ അംഗമാകാന്‍ കഴിയൂ. ദേശീയ അസംബ്ലിയിലെ ജനറല്‍ സീറ്റിലേക്ക് മത്സരിച്ചോ അല്ലെങ്കില്‍ സംവരണ സീറ്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടോ അംഗങ്ങളാകാം. സിന്ധില്‍ നിന്നുള്ള പി.പി.പിയുടെ കൃഷ്ണ കുമാരി മാര്‍ച്ചില്‍ പാക്കിസ്ഥാന്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഹിന്ദു വനിതയായിരുന്നു. ഇവര്‍ സംവരണ സീറ്റിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതാണ്.
 

Latest News