Sorry, you need to enable JavaScript to visit this website.

മൊറോക്കോ ഭൂകമ്പം; മരണം രണ്ടായിരം കടന്നു, രക്ഷാപ്രവര്ത്തനം ദുഷ്കരം

കാസബ്ലാങ്ക(മൊറോക്കോ)- ലോകത്തെ സങ്കടത്തിലാഴ്ത്തി മൊറോക്കോയിലുണ്ടായ ദശാബ്ദങ്ങളിലെ ഏറ്റവും മാരകമായ ഭൂകമ്പത്തിൽ മരണം രണ്ടായിരം കടന്നതായി അധികൃതർ അറിയിച്ചു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. തകർന്നുവീണ കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും നൂറുകണക്കിനാളുകൾ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണം മുഹമ്മദ് ആറാമൻ രാജാവ് പ്രഖ്യാപിച്ചു. 
പർവ്വത മേഖലയിലെ ഗ്രാമങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. റോഡുകളും പാലങ്ങളും തകർന്നതിനാൽ ഇവിടേക്കുള്ള രക്ഷാപ്രവർത്തന ദൗത്യവും ദുഷ്‌കരമായി. 
വ്യാപകമായ നാശനഷ്ടങ്ങളാണ് രാജ്യത്തുണ്ടായത്. രക്ഷപ്പെട്ടവരെ അർധരാത്രി തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി 11:11-നാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. മൊറോക്കോയിലെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മറാകിഷിൽനിന്ന് 75 കിലോമീറ്റർ ദൂരെ അറ്റ്‌ലസ് പർവതങ്ങളിൽ 18.5 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നും യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേ പറഞ്ഞു. 400 കിലോമീറ്റർ ചുറ്റളവിൽ മൊറോക്കോയിലെ നിരവധി നഗരങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു.
ശക്തമായ ഭൂകമ്പത്തിൽ പുരാതന കെട്ടിടങ്ങൾ അടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു. ഭയചകിതരായ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്കോടി തെരുവുകളിൽ അഭയം തേടി. 
യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ പെടുത്തിയ മറാകിഷ് ഓൾഡ് സിറ്റിയിലെ നിരവധി കെട്ടിടങ്ങൾ തകർന്നതായി പ്രദേശവാസികൾ പറഞ്ഞു. ഭൂകമ്പ പ്രഭവ കേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള വലിയ നഗരമാണ് മറാകിഷ്. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
തകർന്ന കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കു വേണ്ടി തിരച്ചിൽ സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് ഓടിയെത്തി. റോയൽ ആംഡ് ഫോഴ്‌സും പ്രാദേശിക അതോറിറ്റികളും സുരക്ഷാ വകുപ്പുകളും സിവിൽ പ്രൊട്ടക്ഷൻ വിഭാഗവും ആവശ്യമായ സഹായങ്ങൾ നൽകാനും നാശനഷ്ടങ്ങൾ വിലയിരുത്താനും സർവശേഷിയും ഉപയോഗപ്പെടുത്തുന്നതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. പലയിടത്തും റോഡുകൾ തകരുകയും വൈദ്യുതി സ്തംഭിക്കുകയും ചെയ്തത് രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാക്കി. 

ഒരു നൂറ്റാണ്ടിനിടെ മൊറോക്കോയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂകമ്പമാണ് വെള്ളിയാഴ്ച രാത്രിയുണ്ടായത്. പ്രധാന ഭൂകമ്പത്തിനു പിന്നാലെ നൂറു കണക്കിന് തുടർ ചലനങ്ങളുമുണ്ടായി. തുടർ ചലനങ്ങളുടെ കൂടിയ തീവ്രത ആറു ഡിഗ്രിയായിരുന്നു. അൽഹൗസ്, മറാകിഷ്, അസിലാൽ, ഓർസസാത്ത്, ഷിഷാവുവ, തറോദന്ദ് എന്നീ മുനിസിപ്പാലിറ്റികളിലും പ്രവിശ്യകളിലും ആളുകൾ മരിച്ചതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. മിറാകിഷിലെ ആശുപത്രികളെല്ലാം പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. 
ഭൂരിഭാഗം ജനങ്ങളും വെള്ളിയാഴ്ച രാത്രി വീടുകൾക്ക് പുറത്താണ് കഴിഞ്ഞത്. തുടർ ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ വീടുകളിലേക്ക് പോകുന്നതിനെതിരെ ജനങ്ങൾക്ക് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കകത്ത് കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതോടെ മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. 
ഇതിനു മുമ്പ് മൊറോക്കോയിൽ 2004 ൽ ആണ് വലിയ ഭൂകമ്പമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.3 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ അന്ന് 600 ലേറെ പേർ മരണപ്പെട്ടിരുന്നു. സമീപ രാജ്യമായ അൾജീരിയയിൽ 1980 ൽ റിക്ടർ സ്‌കെയിലിൽ 7.3 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,600 ലേറെ പേർ മരണപ്പെട്ടിരുന്നു. 


സൗദിയും ലോകരാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തു

മൊറോക്കൊയിൽ സംഹാരതാണ്ഡവമാടിയ ഭൂകമ്പത്തിൽ മൊറോക്കോ ഗവൺമെന്റിനെയും ജനതയെയും സൗദി അറേബ്യ അനുശോചനം അറിയിച്ചു. ഈ വലിയ ദുരന്തത്തിൽ മൊറോക്കോയോടും ജനതയോടും പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി സൗദി അറേബ്യ പറഞ്ഞു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ച സൗദി അറേബ്യ പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. 
ദുരന്തത്തിൽ അനുശോചനം അറിയിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മൊറോക്കോ ഭരണാധികാരി മുഹമ്മദ് ആറാമൻ രാജാവിന് കമ്പി സന്ദേശങ്ങളയച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവിയും അടക്കം ലോക നേതാക്കൾ ദുരന്തത്തിൽ അനുശോചനം പ്രകടിപ്പിച്ചു. 
മൊറോക്കോയിൽ അടിയന്തര റിലീഫ് വസ്തുക്കൾ വിമാന മാർഗം എത്തിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ നിർദേശിച്ചു. മൊറോക്കോയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ അടിയന്തര സഹായങ്ങൾ എത്തിക്കാൻ ദുബായ് പോലീസ് റെസ്‌ക്യൂ ടീമുകൾക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം നിർദേശം നൽകി. മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സുമായി അഫിലിയേറ്റ് ചെയ്ത ചാരിറ്റി സ്ഥാപനങ്ങൾക്ക് മൊറോക്കോയിൽ റിലീഫ് വസ്തുക്കൾ എത്തിക്കാൻ എയർ ബ്രിഡ്ജ് സ്ഥാപിക്കാനും ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം നിർദേശിച്ചു. 

Latest News