തിരുവനന്തപുരം-നിയമസഭ കയ്യാങ്കളി കേസില്‍ രണ്ട് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടി പ്രതിചേര്‍ക്കും. എം എ വാഹിദ്, ശിവദാസന്‍ നായര്‍ എന്നിവരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വനിതാ എംഎല്‍എ തടഞ്ഞുവെന്ന ചുറ്റം ചുമത്തിയാണ് പ്രതി ചേര്‍ക്കുക. ഇതേവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേര്‍ക്കുന്നത്.
ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം നിയമസഭ കൈയാങ്കളി കേസ് പോലീസ് പൊളിച്ചെഴുതുകയാണ്. വി.ശിവന്‍കുട്ടിയും ഇ.പിജയരാജനും മടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പ്രതികള്‍. കേസ് എഴുതിത്തളളാന്‍ സര്‍ക്കാരും, കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കന്‍ പ്രതികളും സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടി നേരിട്ടു. കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും കോടതിയെ സമീപിച്ചതോടെയാണ് നീക്കങ്ങള്‍ പാളിയത്. വിചാരണ തുടങ്ങാനിരിക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അന്നത്തെ പ്രതിപക്ഷ എംഎല്‍എമാര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും അവരെ പ്രതിചേര്‍ത്തില്ലെന്ന ഇടതു വനിതാ നേതാക്കളുടെ പരാതിയിലാണ് ഡിജിപി തുടരന്വേഷണത്തിന് അനുമതി തേടിയത്.
ജമീല പ്രകാശത്തിനിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എം.എ.വാഹിദിനെയും ശിവദാസന്‍ നായരെയും പ്രതിചേര്‍ക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 341,323 എന്നീ വകുപ്പുകള്‍ ചുമത്തും. ഇടതു നേതാക്കള്‍ക്കൊപ്പം രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പൊതുമുതല്‍ നശിപ്പിച്ച വകുപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉണ്ടാവില്ല. ഓരോ പ്രതികളും ചെയ്ത കുറ്റകൃത്യം കുറ്റപത്രത്തില്‍ പ്രത്യേകം ക്രൈംബ്രാഞ്ച് എടുത്ത് പറയും.
പ്രതിപക്ഷത്തെ കൂടി സമ്മര്‍ദ്ദത്തിലാക്കുകയാണ് ഇതുവഴി ലക്ഷ്യം. കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ഇനി കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോടതിയെ സമീപിക്കേണ്ടിവരും. അതുവഴി മന്ത്രിയായ വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ സമയം കിട്ടുമെന്നതാണ് പുതിയ നീക്കത്തിന്റെ ഭാഗം.
കയ്യാങ്കളിക്ക് പിന്നാലെ ഇടത് വനിതാ എംഎല്‍എമാര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും തള്ളിയിരുന്നു. ജമീല പ്രകാശം കോടതിയില്‍ നല്കിയ പരാതിയില്‍ നടപടികള്‍ തുടരുകയാണ്. ആദ്യ കുറ്റപത്രത്തില്‍ വാച്ച് ആന്റ് വാര്ഡന്മാരെയും ഉദ്യോഗസ്ഥരെയുമാണ് സാക്ഷിയാക്കിയിരുന്നത്. എന്നാല്‍ അന്ന് സഭയിലുണ്ടായിരുന്ന എംഎല്‍എമാര്‍ പുതിയ കുറ്റപത്രത്തില്‍ സാക്ഷികളാകും. പ്രതിപക്ഷത്തിനെതിരെ പോലീസിനെ ഉപയോഗിച്ചുള്ള നീക്കമെന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ ശക്തമായ നീക്കമുണ്ടാകും. എന്നാല്‍ കോടതിയുടെ അനുമതിയോടെയാണ് പുനരന്വേഷണവും പുതിയ കുറ്റപത്രമെന്ന വിശദീകരണമാകും സര്‍ക്കാര്‍ നല്‍കുക. ഇതോടെ പുതിയ നിയമ-രാഷ്ട്രീയ പോരാട്ടമാകും നിയമസഭ കൈയാങ്കളില്‍ കേസില്‍ ഉണ്ടാകുക.