ഹൈദരാബാദ്- ആന്ധ്ര - തെലങ്കാന അതിര്‍ത്തിയില്‍ റോഡില്‍ കിടന്നു പ്രതിഷേധിച്ച ജനസേനാ പാര്‍ട്ടി നേതാവും നടനുമായ പവന്‍ കല്യാണ്‍ കസ്റ്റഡിയില്‍. അഴിമതി കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പുലര്‍ച്ചെ വരെ നീണ്ട ടിഡിപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പവന്‍ കല്യാണിന്റെ വാഹനവ്യൂഹം ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞു.ഇതില്‍ പ്രതിഷേധിച്ച് വാഹനവ്യൂഹത്തില്‍ നിന്ന് ഇറങ്ങി പവന്‍ കല്യാണ്‍ നടക്കാന്‍ തീരുമാനിച്ചു. ഇതും പോലീസ് തടഞ്ഞതോടെ കല്യാണ്‍ റോഡില്‍ നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പവന്‍ കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. വിജയവാഡയിലേക്ക് റോഡ് മാര്‍ഗം എത്താന്‍ ശ്രമിച്ച പവന്‍ കല്യാണിന്റെ വാഹനവ്യൂഹം ആന്ധ്രാ പോലീസ് തടയുകയായിരുന്നു. ആന്ധ്ര - തെലങ്കാന അതിര്‍ത്തിയായ ഗാരികപടുവില്‍ വച്ചാണ് പവന്‍ കല്യാണിന്റെ വാഹനവ്യൂഹം തടഞ്ഞത്.