കീവ്- വാഗ്നർ കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്ജെനി പ്രിഗോഷിന്റെ മരണത്തിന് പിന്നിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആണെന്ന് ഉക്രൈൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. പ്രിഗോഷിൻ ഉൾപ്പെടെ പത്ത് പേർ സഞ്ചരിച്ച സ്വകാര്യ വിമാനം കഴിഞ്ഞ മാസം മോസ്കോയ്ക്ക് സമീപം തകർന്നു വീഴുകയായിരുന്നു. തന്റെ ആരോപണത്തെ സാധൂകരിക്കുന്ന കൂടുതൽ വിശദാംശങ്ങൾ നൽകാൻ സെലെൻസ്കി തയാറായില്ല. പ്രിഗോഷിനെ കൊന്നത് പുട്ടിനാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഗ്നർ ഗ്രൂപ്പ് സഹസ്ഥാപകനായ ഡിമിട്രി ഉട്ട്കിനും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ഓഗസ്റ്റ് 23ന് മോസ്കോയിൽ നിന്ന് സെന്റ് പീറ്റേഴ്സ്ബർഗിലേക്കുള്ള യാത്രയ്ക്കിടെ എംബ്രയർ ലെഗസി വിമാനം ട്വെർ മേഖലയിലെ കഷെൻകീനോ ഗ്രാമത്തിന് മുകളിൽവെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിനുള്ളിൽ ബോംബ് സ്ഫോടനമുണ്ടായതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. പ്രിഗോഷിനെ പുട്ടിന്റെ അറിവോടെ വധിച്ചതാകാമെന്ന് പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നു.
എന്നാൽ ഇത് നുണകൾ ആണെന്നാണ് റഷ്യയുടെ പ്രതികരണം. ഉക്രൈനിൽ റഷ്യയ്ക്കായി ശക്തമായ പോരാട്ടം നടത്തിയവരാണ് വാഗ്നർ ഗ്രൂപ്പ്. ആയുധങ്ങൾ നൽകുന്നില്ലെന്ന് കാട്ടി ജൂണിൽ പ്രിഗോഷിന്റെ നേതൃത്വത്തിൽ വാഗ്നർ അംഗങ്ങൾ റഷ്യയിൽ കലാപ നീക്കം നടത്തിയിരുന്നു. ഇതോടെ പ്രിഗോഷിനും പുട്ടിനും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന സൗഹൃദം ശത്രുതയ്ക്ക് വഴിമാറുകയായിരുന്നു. അപകടം സംബന്ധിച്ച് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അന്വേഷണം തുടരുന്നുണ്ടെങ്കിലും കാര്യമായ കണ്ടെത്തലുകളൊന്നും വെളിപ്പെടുത്തിയിട്ടില്ല. വിമാനം മനഃപൂർവം തകർത്തതാണോ എന്ന സാദ്ധ്യത അന്വേഷിക്കുന്നണ്ടെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.