ദോഹ- ഖത്തറിൽ ഒ.ഐ.സി.സി, ഇൻകാസ് പുതുപ്പള്ളി വിജയാഘോഷം സംഘടിപ്പിച്ചു. മലയാള സിനിമാ മേഖലയിലെ പ്രമുഖ കോൺഗ്രസ് അംഗങ്ങൾ കൂടി പങ്കെടുത്ത വിജയാഘോഷം ഒ.ഐ.സി.സി, ഇൻകാസ് അംഗങ്ങൾക്ക് ഇരിട്ടി മധുരമായി. മുദ്രാവാക്യങ്ങളും കരഘോഷവും നിറഞ്ഞ വേദിയിൽ നടത്തിയ പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയാഘോഷം പ്രവർത്തകരെ ആവേശത്തിലാറാടിച്ചു.
ഒ.ഐ.സി.സി, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീജിത് എസ്.നായർ സ്വാഗതം ആശംസിച്ചു. ദോഹ കാലിക്കറ്റ് നോട്ട്ബുക്കിൽ ചേർന്ന യോഗം കേരളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റും കെ.പി.സി.സി സാംസ്കാരിക സമിതി ചെയർമാനും ആയ ആന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഇടതു ഭരണത്തിൽ അഭിപ്രായ സ്വാതന്ത്ര്യം പോലും നഷ്ടമാവുന്ന സാഹചര്യത്തിൽ ഞങ്ങൾ കോൺഗ്രസുകാരാണെന്നു വിളിച്ചു പറയാൻ ആർജവമുള്ള സിനിമാ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
താനടക്കം ഈയിരിക്കുന്ന ഓരോരുത്തരും ഒരു കോൺഗ്രസുകാരനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മന് ആശംസ അറിയിച്ചു. തുടർന്ന് കേക്ക് മുറിച്ചും മധുരം വിളമ്പിയും പ്രവർത്തകർ സന്തോഷം പങ്കുവെച്ചു. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു, പ്രൊഡ്യൂസർമാരായ രജപുത്ര രഞ്ജിത്ത്, ലിസ്റ്റിൻ സ്റ്റീഫൻ, രാകേഷ്, സമദ് ട്രൂത്ത് എന്നിവർ ചാണ്ടി ഉമ്മനെ അഭിനന്ദിച്ച് സംസാരിച്ചു.
ഒ.ഐ.സി.സി, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, യൂത്ത് വിംഗ്, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഒ.ഐ.സി.സി, ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ട്രഷറർ ജോർജ് അഗസ്റ്റിൻ നന്ദി പറഞ്ഞു.