ന്യൂദല്‍ഹി - ഇന്ത്യയില്‍നിന്നാരംഭിച്ച് യൂറോപ്പിലേക്ക് നീളുന്ന സാമ്പത്തിക ഇടനാഴി ലോകത്തെ മാറ്റിമറിക്കും. യു.എ.ഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുത്തി റെയില്‍, തുറമുഖ വികസനം നടപ്പാക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഇന്ത്യയും യൂറോപ്പുമായുള്ള വ്യാപാരം 40 ശതമാനം വര്‍ധിപ്പിക്കുകയാണ് കരാറിന്റെ ഉന്നം. രാജ്യങ്ങളുമായി സഹകരിച്ച് ആശയവിനിമയ ബന്ധത്തിനായി വാര്‍ത്തവിനിമയ കേബിളുകള്‍ സ്ഥാപിക്കുക, റെയില്‍, തുറമുഖ സൗകര്യങ്ങള്‍ വികസിപ്പിക്കുക, ഹൈഡ്രജന്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് കരാറിന്റെ ലക്ഷ്യം. ഭാവിയില്‍ ഇന്ത്യയില്‍ നിന്നുള്ള ചരക്കുനീക്കം ഗള്‍ഫില്‍ നിന്നും യൂറോപ്പിലേക്ക് റെയില്‍ മുഖേനയാക്കുന്നതും കരാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇടത്തരം രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും പദ്ധതി ഗുണകരമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍, യൂറോപ്യന്‍ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അടുത്ത തലമുറയ്ക്കായി അടിത്തറ പാകുകയാണെന്നും പദ്ധതി പ്രഖ്യാപനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
പുതിയ അവസരങ്ങള്‍ക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചു. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്നായിരുന്നു ഫ്രാന്‍സിന്റെ പ്രഖ്യാപനം. ഇടനാഴിയിലെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജര്‍മ്മന്‍ ചാന്‍സിലറും വ്യക്തമാക്കി.