Sorry, you need to enable JavaScript to visit this website.

തൂക്കുകയർ വിധിയും കേരള പോലീസും

പതിമൂന്നു വർഷം മുമ്പ് ഉദയകുമാർ എന്ന 28 കാരനെ പോലീസ് ലോക്കപ്പിൽ ഉരുട്ടിക്കൊന്ന കേസിൽ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി സർവീസിലുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് വധശിക്ഷയും മറ്റ് രണ്ടുപേർക്ക് മൂന്നുവർഷം തടവുശിക്ഷയും വിധിച്ചത് ചരിത്രമായി.  
വിധി പ്രസ്താവം പുറത്തുവന്നപ്പോൾ തിങ്ങിനിറഞ്ഞ കോടതി മുറിയിൽ രണ്ട് അസാധാരണ കാഴ്ചകളുണ്ടായി. വാർധക്യം മുഖവും തൊലിയും ചുളുക്കിച്ച ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ കൈകൂപ്പി ആകാശത്തേക്കു നോക്കി പതിമൂന്നു വർഷത്തെ തന്റെ ഒറ്റയാൾ പോരാട്ട വിജയം ദൈവത്തിൽ സമർപ്പിച്ചു. 
തിരുവനന്തപുരം നഗരത്തിലെ സ്‌പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ സ്റ്റേഷനുകൾ ഉൾപ്പെടെ എല്ലായിടത്തുനിന്നും പോലീസ് ഓഫീസർമാർ മഫ്തിവേഷത്തിൽ കോടതിമുറിയിലും പരിസരത്തുമുണ്ടായിരുന്നു. നിർവികാരരായി നിന്ന പ്രതികൾ വിധി പ്രസ്താവംകേട്ട് പൊട്ടിക്കരഞ്ഞപ്പോൾ പോലീസ് ഉദ്യോഗസ്ഥരും ഞെട്ടിത്തെറിച്ചു. ചിലർ നിശബ്ദം കണ്ണീരൊഴുക്കി. മറ്റുചിലർ പ്രതികളെ ആശ്വസിപ്പിച്ചു. രണ്ടു തരം പ്രതീകങ്ങളെയാണ് ഈ കാഴ്ചകൾ പ്രതിനിധീകരിച്ചത്.
പണവും സ്വാധീനവും ഇല്ലാത്തവർക്കും നീതി പൊരുതി നേടാനാകുമെന്ന തളരാത്ത നിശ്ചയ ദാർഢ്യം. കാലങ്ങളായി മനുഷ്യാവകാശങ്ങളും മനുഷ്യജീവനും എടുക്കാൻ അധികാരമുള്ളവരാണ് ലോക്കപ്പിന്റെയും കാക്കിയുടെയും അധികാരികളെന്ന അഹന്ത. നിയമങ്ങളും തെളിവും വളച്ചൊടിച്ചും നശിപ്പിച്ചും കള്ളത്തെളിവുകൾ ചമച്ചും സാക്ഷികളെ സ്വാധീനിച്ചും കോടതികളുടെ കണ്ണുകെട്ടി നീതിയുടെ വഴി തടയാൻ കഴിയുമെന്ന വിശ്വാസം. 
സാധാരണ ലോക്കപ്പ് മരണങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു തിരുവനന്തപുരത്തെ ശ്രീകണ്‌ഠേശ്വരം പാർക്കിൽനിന്നു പിടിച്ചുകൊണ്ടുപോയി ഉരുട്ടിക്കൊന്ന ഉദയകുമാറിന്റേത്. ശിക്ഷ സംബന്ധിച്ച് സി.ബി.ഐ കോടതിയിൽ പ്രോസിക്യൂട്ടർ നടത്തിയ വാദത്തിൽ പ്രത്യേകം അത് എടുത്തുപറഞ്ഞു: അടിയന്തരാവസ്ഥക്കാലത്തു മാത്രം കേട്ടിരുന്ന ഉരുട്ടൽ പോലുള്ള മൃഗീയ മർദ്ദനമുറകളാണ് പ്രയോഗിച്ചത്. സാധാരണ കൊലപാതകമായി ഇതിനെ കാണാൻ കഴിയില്ല, നിയമം സംരക്ഷിക്കേണ്ട പോലീസുകാർതന്നെ അത് ലംഘിക്കുമ്പോൾ. ആ വാദം സ്വീകരിച്ചാണ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജെ. നാസർ ഉരുട്ടിക്കൊലക്കു നേരിട്ടു നേതൃത്വംകൊടുത്ത ഒന്നും രണ്ടും പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. 
ഉദയകുമാറിന്റെ കൈവശം 4020 രൂപ കണ്ടതായിരുന്നു ഉരുട്ടൽ ശിക്ഷാവിധിയിലേക്ക് നയിച്ചത്. ഫോർട്ട് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ ബെഞ്ചിൽ കിടത്തി കൈകെട്ടിയിട്ട് ഒന്നര മണിക്കൂറാണ് ഉദയകുമാറിനെ ഒന്നും രണ്ടും പ്രതികൾ ഇരുമ്പുപൈപ്പ്  ഉപയോഗിച്ച് ഉരുട്ടിക്കൊന്നത്. 'എന്റെ മകനുണ്ടായ അനുഭവം ഇനി മറ്റൊരു മകനുണ്ടാകാതിരിക്കട്ടെ' എന്നാണ് ഉദയകുമാറിന്റെ അമ്മ ഇപ്പോഴും പ്രാർഥിക്കുന്നത്. 
ഉരുട്ടിക്കൊന്നവരെ നിയമത്തിന്റെ പിടിയിൽനിന്നു രക്ഷപെടുത്താൻ ശ്രമിച്ച മേലുദ്യോഗസ്ഥന്മാരാണ് തെളിവു നശിപ്പിച്ചതിനും വ്യാജരേഖ ചമച്ചതിനും മൂന്നുവർഷത്തെ തടവിനും പിഴക്കും ശിക്ഷിക്കപ്പെട്ടത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും എസ്.പിയുമാണ് ഇവർ. ഒന്നും രണ്ടും പ്രതികളാകട്ടെ സർവീസിലുള്ള എ.എസ്.ഐയും സിവിൽ പോലീസ് ഓഫീസറും. പ്രതികൾ എസ്.പിമാരും ഉയർന്ന പോലീസ് ഓഫീസർമാരുമായി സർവീസിലിരിക്കെ കേസന്വേഷണം സംസ്ഥാന പോലീസ് നടത്തിയാൽ നീതി കിട്ടില്ലെന്ന വിശ്വാസം ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് സി.ബി.ഐ കോടതിയുടെ ഈ വിധി.
അടിയന്തരാവസ്ഥയിൽ കക്കയം ക്യാമ്പിൽ ഇരുമ്പുലക്കകൊണ്ട് പി. രാജനെ ഉരുട്ടിക്കൊന്ന സംഭവമാണ് പ്രോസിക്യൂട്ടർ വിചാരണക്കോടതി മുമ്പാകെ ചൂണ്ടിക്കാണിച്ചത്. അടിയന്തരാവസ്ഥയിലല്ലാത്ത ഒരുകാലത്ത് ഉരുട്ടിക്കൊല ഉണ്ടാവാൻ പാടില്ലാത്തതാണ്. രാജനെ കൊല്ലാക്കൊല ചെയ്യിച്ചതിന് അന്നത്തെ മുഖ്യമന്ത്രിയുടെ സഹപ്രവർത്തകനും കോളജ് അധ്യാപകനുമായിരുന്ന ടി.വി ഈച്ചരവാര്യർ സുപ്രീംകോടതി വരെ നീതിക്കുവേണ്ടി പോരാടി. 'എന്റെ വിധി ഇനിയൊരച്ഛനും ഉണ്ടാകാതിരിക്കട്ടെ' എന്ന് ആദ്യം നെഞ്ചുരുകി പറഞ്ഞത് ഈച്ചരവാര്യരായിരുന്നു. 
രാജൻ കേസിൽ പ്രതികളായ ഡി.ഐ.ജിയും എസ്.പിയും അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശത്തിലും സാന്നിധ്യത്തിലുമാണ് ഉരുട്ടൽ ക്രിയ കക്കയം ക്യാമ്പിൽ നടത്തിയിരുന്നത്. അടിയന്തരാവസ്ഥയുടെ മറയിൽ ആഭ്യന്തര മന്ത്രി കരുണാകരന്റെ ഉറച്ച പിന്തുണയും അവർക്കുണ്ടായിരുന്നു. കോയമ്പത്തൂർ സെഷൻസ് കോടതി ശിക്ഷിച്ചിട്ടും മദിരാശി ഹൈക്കോടതിയെക്കൊണ്ടടക്കം പ്രതികളെ രക്ഷിച്ചെടുക്കുന്നതിൽ അസാധാരണമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി. ഈച്ചരവാര്യരുടെ ഒറ്റയാൾ പോരാട്ടംകൊണ്ട് നീതി പൂർണമായി ലഭിച്ചില്ല. അതുകൊണ്ട് രാജൻകേസ് ഒരു ദീർഘനിശ്വാസംപോലെ ഇന്നും കേരളീയരുടെ സ്വസ്ഥത കെടുത്തുന്നു.
പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഉരുട്ടൽ യന്ത്രങ്ങളുടെ ഫാക്ടറികളായി പോലീസ് സ്റ്റേഷനുകൾ യുവാക്കളുടെ ജീവനെടുക്കൽ തുടരുകയാണ്. മക്കളുടെ മരണം സംബന്ധിച്ച കണ്ണീർ തോരാത്ത അമ്മമാരുടെ എണ്ണം പെരുകുകയും.  നക്‌സലൈറ്റ് വർഗീസിനെ വെടിവെച്ചുകൊന്ന കേസിൽ പിൽക്കാലത്ത് എസ്.പി ലക്ഷ്മണയെ ശിക്ഷിച്ചു. 1987 ൽ ചേർത്തലയിൽ ഗോപിയുടെ ലോക്കപ്പ്  മരണം. 2010 മാർച്ചിൽ പാലക്കാട്ടെ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ പ്രതിയായിരുന്ന സമ്പത്ത് കസ്റ്റഡിയിൽ മരിച്ചത്. മുഹമ്മദ് യാസിൻ, വിജയ് സാഖറെ എന്നീ പോലീസ് ഉന്നതരെ ആ കേസിൽ സി.ബി.ഐ പ്രതിയാക്കിയത്. പിന്നീടവർ കുറ്റപത്രത്തിൽനിന്ന് പുറത്തായത്. വാരാപ്പുഴയിൽ ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിൽ കൊലപ്പെടുത്തിയത്. ആ കേസ് സി.ബി.ഐക്കു വിടാൻ ശ്രീജിത്തിന്റെ അമ്മ നടത്തിയ പോരാട്ടം ഹൈക്കോടതിയിൽ പരാജയപ്പെട്ടത് - ലോക്കപ്പ് കൊലപാതകങ്ങൾ കേരള മനസ്സാക്ഷിയെ വീണ്ടും വീണ്ടും വേട്ടയാടുകയാണ്. 
രാജൻ കേസിന്റെയും ഉദയകുമാർ കേസിന്റെയും സമാനത ഉരുട്ടൽകൊലയുടെ ഇരകളാണ് എന്നതാണ്. ലോക്കപ്പ് മർദ്ദനങ്ങളും കൊലകളും ബ്രിട്ടീഷ് ഭരണത്തിൽനിന്ന് പൈതൃകമായി സ്വതന്ത്ര ഇന്ത്യയിലെ പോലീസ് സ്റ്റേഷനുകൾ ഏറ്റുവാങ്ങിയതാണ്. എന്നാൽ ഉരുട്ടൽ കേരളത്തിലെ അതിക്രൂര പോലീസ് മർദ്ദനങ്ങളുടെ സവിശേഷതയായി ചരിത്രത്തിൽ അടയാളപ്പെടുത്തിയത് കക്കയം ക്യാമ്പിലാണ്. 
കായണ്ണ പോലീസ് സ്റ്റേഷൻ കെ. വേണുവിന്റെ നേതൃത്വത്തിലുള്ള നക്‌സലൈറ്റ് ചെറുസംഘം ആക്രമിച്ചതിന്റെ പിറകെയാണ് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മേധാവി ജയറാം പടിക്കലിന്റെ നേതൃത്വത്തിൽ കക്കയത്ത്  പോലീസ് തടവറ ഒരുക്കിയത്. വൈദ്യുതി ബോർഡിലെ ഒരു ജീവനക്കാരന്റെ വീട്ടിൽനിന്ന് പോലീസ് എടുത്തുകൊണ്ടുപോയ ഇരുമ്പുലക്കയാണ് രാജന്റെ ജീവനെടുത്തത്. ആ യുവാവിന്റെ തുടയിൽ ഉലക്ക അമർത്തിപ്പിടിച്ച് രണ്ടു പോലീസുകാർ തുടർച്ചയായി ഉരുട്ടുകയായിരുന്നു.  രാജന്റെ മരണത്തിനുശേഷം അടുത്തുള്ള ലക്ഷംവീട്ടിലെ ഒരു ആശാരിയെക്കൊണ്ട് ഉരുട്ടാൻവേണ്ട റോളർ പോലീസ് ഉണ്ടാക്കിച്ചു.  
രാജൻ കൊല്ലപ്പെട്ടശേഷം കക്കയം ക്യാമ്പ് കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത് മാലൂർകുന്നിലേക്കു മാറ്റിയപ്പോൾ ഉരുട്ടൽ യന്ത്രങ്ങൾ അവിടെയും പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്ത് പടിക്കലിന്റെ ക്രൈംബ്രാഞ്ച് ആസ്ഥാനമായിരുന്ന തിരുവനന്തപുരത്തെ ശാസ്തമംഗലത്തും നക്‌സലൈറ്റ് പ്രതികൾക്കെതിരെ അടിയന്തരാവസ്ഥയിൽ ഉലക്കകളും റോളറുകളും നിർബാധം പ്രയോഗിച്ചിരുന്നു.  ലണ്ടനിലെ പ്രസിദ്ധമായ സ്‌കോട്ട്‌ലന്റ് യാർഡ് പോലീസിൽ പ്രത്യേക പരിശീലനം നേടിവന്ന പടിക്കലാണ് ഉരുട്ടൽ വിദ്യയുടെ ആസൂത്രകൻ. 
അടിയന്തരാവസ്ഥയിലാണ് ഉരുട്ടൽ എന്ന മരണയന്ത്രത്തിന്റെ പ്രയോഗം വരുന്നത്. ഇതിന്റെ പ്രയോഗം ജയറാം പടിക്കൽ സ്‌കോട്ട്‌ലന്റിൽനിന്ന് കൊണ്ടുവന്നതാവില്ല. കാരണം ഉരുട്ടൽ വിദ്യ സ്‌കോട്ട്‌ലന്റ് യാർഡ് പോലീസിന്റെ രീതിയല്ല. അവരടക്കം ലോകം ഉരുട്ടൽ വിദ്യയെപ്പറ്റി കേട്ടത് കക്കയത്തുവെച്ച് പി. രാജനെ ഉരുട്ടിക്കൊന്നതിനെ തുടർന്നാണ്. 2005 സെപ്റ്റംബർ 27 ന് രാത്രി ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉലക്കരൂപത്തിലുള്ള ഇരുമ്പുപൈപ്പുകൾ കാലനെപ്പോലെ പിന്നീട് പ്രത്യക്ഷപ്പെടുന്നു. രഹസ്യമായി പിന്നീടും ലോക്കപ്പ് മരണങ്ങളിൽ ഉരുട്ടൽ ഉലക്കകളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. 
ലോക്കപ്പ് മരണങ്ങൾ ഇല്ലാതാക്കാൻ പോലീസ് ലോക്കപ്പുകളിൽ സി.സി ടി.വികൾ സ്ഥാപിക്കാൻ തീരുമാനിച്ചത് ഈയിടെയാണ്.  അവയുടെ കാഴ്ചയുടെ പരിധിക്കപ്പുറത്ത് സ്റ്റേഷനിലോ പുറത്തോ നിയമവിരുദ്ധമായ മൂന്നാംമുറ കേരള പോലീസ് ഇപ്പോഴും തുടരുകയാണെന്ന് വാർത്തകൾ വെളിപ്പെടുത്തുന്നു. താൽക്കാലിക ഇടിമുറികളിൽ കൈപ്പിഴ പറ്റാതെ മൂന്നാംമുറ നടത്തി തെളിവെടുക്കുന്ന പതിവ് ഇടതുമുന്നണി ഭരണത്തിലും തുടരുന്നുവെന്നർഥം. പരുക്ക് പുറത്തു കാണാത്തവിധം തുണിയിൽ ചുറ്റി ഇടിക്കുക, തുണി കാലിൽ ചുറ്റി തലകീഴാക്കി മർദ്ദിക്കുക, മുതുകിനും മറ്റു മർമ്മഭാഗങ്ങൾക്കും ഗുരുതരമായ ക്ഷതം ഏല്പിക്കുക. ഇതൊക്കെ ഇപ്പോഴും തുടരുകയാണ്.  
മൂന്നാം മുറ ആരു നടത്തിയാലും ദാക്ഷിണ്യമുണ്ടാകില്ലെന്നും അതിശക്തമായ നടപടി നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചത് ഉദയകുമാർ കേസ് വിധിയുടെ പ്രതികരണമെന്ന നിലയ്ക്കുകൂടിയാണ്. മൂന്നാംമുറ കേരള പോലീസിൽ അനുവദിക്കില്ലെന്നും അതുറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകാൻ എന്തുകൊണ്ട് മുഖ്യമന്ത്രിക്കു കഴിയുന്നില്ല? ശാസ്ത്രീയ അന്വേഷണ മുറകളിലൂടെ തെളിവുകൾ  ശേഖരിക്കുന്ന ആധുനിക കാലത്ത് കൊളോണിയൽ പോലീസിന്റെ ശൈലി കേരള പോലീസ് തുടരുന്നതെന്തേ? ചില മുൻ പോലീസ് മേധാവികൾ തങ്ങളുടെ സർവീസ് കാലയളവിൽ മൂന്നാംമുറ സ്വീകരിച്ചിട്ടില്ലെന്നു വ്യക്തമാക്കുമ്പോൾ പ്രത്യേകിച്ചും.
ഈച്ചരവാര്യരുടെ ആത്മാവിനോട് എൽ.ഡി.എഫ് ഗവൺമെന്റിനുള്ള കടപ്പാടാണ് ലോക്കപ്പ് കൊലപാതകങ്ങൾക്ക് അറുതിവരുത്തുക എന്നത്. നിരവധി രക്തസാക്ഷികളുടെ ചോരപ്പിടച്ചിലിനോടുള്ള പ്രതിബദ്ധതയും. ഉദയകുമാറിന്റെയും ശ്രീജിത്തിന്റെയും അമ്മമാരുടെ തോരാത്ത കണ്ണീർ തുടയ്ക്കാൻ ഇടതുപക്ഷ - ജനാധിപത്യമുന്നണി ഗവണ്മെന്റ് സ്വീകരിക്കേണ്ട ഏറ്റവും പ്രധാനമായ ജനാധിപത്യ-മനുഷ്യാവകാശ നടപടികൂടിയാണത്. ഭരണ നിർവഹണ മികവിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തണമെങ്കിൽ ഉരുട്ടലും മറ്റു മൂന്നാം മുറയും അവസാനിപ്പിച്ചുകൊണ്ടേ സാധ്യമാകൂ എന്ന് മനസിലാകാത്ത ആളല്ലല്ലോ മുഖ്യമന്ത്രി പിണറായി വിജയൻ. 
ഉദയകുമാർ ഉരുട്ടൽ കൊലക്കേസിന്റെ വിധി എൽ.ഡി.എഫ് ഗവൺമെന്റ് സ്വീകരിച്ചുപോരുന്ന പോലീസ് നയത്തെ ചോദ്യംചെയ്യുന്നതുകൂടിയാണ്. അരിയിൽ ഷുക്കൂർവധം തൊട്ട് ശ്രീജിത് വധംവരെ നിരവധി കേസുകളിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. പ്രതികളുടെ രാഷ്ട്രീയബന്ധവും സ്വാധീനവും സംസ്ഥാന പോലീസിന്റെ ഇടപെടലിനെ നിർവീര്യമാക്കുന്നു എന്ന ബോധ്യത്തിലാണ് കേന്ദ്ര സർക്കാർ ഏജൻസിയെ അവർ ശരണം പ്രാപിക്കുന്നത്. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അനുകൂലമല്ലാത്ത നിലപാട് സ്വീകരിച്ച് അത് തടയുന്നത് ഇടതു ഗവൺമെന്റാണ്. ഇതിനുള്ള രാഷ്ട്രീയ ന്യായം 'സി.ബി.ഐ കൂട്ടിലടച്ച തത്തയാണ്' എന്ന ഉരുവിടലാണ്. അതിനേറ്റ കനത്ത പ്രഹരംകൂടിയാണ് തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ഈ വിധി.
ജീവൻ സംരക്ഷിക്കേണ്ടതിനു പകരം ജീവനെടുത്തതിന് രണ്ടു പോലീസുകാർക്ക് വധശിക്ഷ നൽകിയതിലൂടെ കേരള പോലീസിന് തിരുത്താനും നിയമം പാലിക്കാനുമുള്ള വലിയ മുന്നറിയിപ്പുകൂടി കോടതി  നൽകിയിരിക്കുന്നു. ഭരണത്തിലുള്ള രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി തലമറന്ന് എണ്ണതേച്ചാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തിനെപ്പറ്റിയും അത് ഓർമിപ്പിക്കുന്നു. 

Latest News