അലഹാബാദ്- ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി കാട്ടിയ വിദ്യാര്‍ത്ഥിനിയെ അലഹാബാദില്‍ പോലീസ് തല്ലിച്ചതച്ചു. അമിത് ഷായുടെ വാഹനത്തിനു മുന്നില്‍ പോകുകയായിരുന്നു പോലീസ് വാഹനത്തിനു നേര്‍ക്ക് കരിങ്കൊടി വീശി റോഡില്‍ തടയാന്‍ ശ്രമിച്ച അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ രണ്ടു വിദ്യാര്‍ത്ഥിനികളെ തലമുടിയില്‍ പിടിച്ചു വലിച്ചിഴച്ചും ലാത്തി കൊണ്ടടിച്ചുമാണ് പുരുഷ പോലീസുകാര്‍ മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പെണ്‍കുട്ടികളെ മര്‍ദിച്ച പോലീസിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. രണ്ടു വിദ്യാര്‍ത്ഥിനികളെ കൂടാതെ ഒരു യുവാവും അമിത് ഷായ്‌ക്കെതിരെ മുദ്രാ വാക്യം മുഴക്കി കരിങ്കൊടി വീശി. മറ്റൊരു വീഡിയോയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഓടിയെത്തി കുട്ടികളെ അടിക്കരുതെന്ന് നിര്‍ദേശം നല്‍കുന്നതും വ്യക്തമാണ്. അമിത് ഷാക്കെതിരെ പ്രതിഷേധിച്ച നേഹ യാദവ്, രമ യാദവ് എന്നീ വിദ്യാര്‍ത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ഇവര്‍ സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സമാജ്‌വാദി ഛാത്ര സഭ പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടുണ്ട്.