ന്യൂദല്‍ഹി- ആഫ്രിക്കന്‍ യൂണിയനെ സ്ഥിരാംഗമായി ജി 20 ഉച്ചകോടി അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശത്തെ എല്ലാ അംഗരാജ്യങ്ങളും സ്വാഗതം ചെയ്യുകയായിരുന്നു.
യൂണിയന്‍ ഓഫ് കൊമോറോസിന്റെ പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന്റെ (എ. യു) ചെയര്‍പേഴ്സണുമായ അസാലി അസ്സൗമാനിയെ അംഗരാജ്യ നേതാക്കള്‍ക്കൊപ്പം ഇരിക്കാന്‍ മോഡി ക്ഷണിച്ചു. ആര്‍പ്പുവിളിക്കും കരഘോഷത്തിനും ഇടയില്‍ അസ്സൗമാനിയെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. പിന്നാലെ പ്രധാനമന്ത്രി മോഡിയും അസ്സൗമാനിയും ആലിംഗനം ചെയ്തു.
ഗ്ലോബല്‍ സൗത്തിലെ ഈ പ്രധാന കൂട്ടായ്മയെ ലോകത്തിലെ മികച്ച സമ്പദ് വ്യവസ്ഥകളുടെ എലൈറ്റ് ഗ്രൂപ്പിലേക്ക് കൊണ്ടുവരാനുള്ള നിര്‍ദ്ദേശത്തിന് മറ്റ് രാജ്യങ്ങളില്‍ നിന്ന് സ്വീകാര്യത ലഭിക്കുകയായിരുന്നു. 'സബ്കാ സാത്തിന്റെ (എല്ലാവര്‍ക്കും ഒപ്പം) വികാരത്തിന് അനുസൃതമായി, ആഫ്രിക്കന്‍ യൂണിയന് ജി 20യുടെ സ്ഥിരാംഗത്വം നല്‍കണമെന്ന് ഇന്ത്യ നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശത്തോട് എല്ലാവരും യോജിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടെ ഞാന്‍ ആഫ്രിക്കന്‍ യൂണിയനെ ജി 20യില്‍ ചേരാന്‍ ക്ഷണിക്കുന്നു', ജി 20 ഉച്ചകോടിയില്‍ മോഡി പറഞ്ഞു.
ഇതോടെ 55 രാജ്യങ്ങള്‍ അടങ്ങുന്ന ആഫ്രിക്കന്‍ യൂണിയന് ജി20യില്‍ സ്ഥിരാംഗമായി. ആഫ്രിക്കന്‍ യൂണിയന്റെ ജി20 അംഗത്വത്തിനായി ഇന്ത്യ ഏറെ നാളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി മോഡി ജി20 നേതാക്കള്‍ക്ക് എ. യുവിനെ ഗ്രൂപ്പിംഗില്‍ സ്ഥിരാംഗമാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന 55 അംഗരാജ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു സ്വാധീനമുള്ള സംഘടനയാണ് എ. യു.