തിരുവനന്തപുരം∙ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്‍തേഷ്യ വിഭാഗം ഡോക്ടർ വിപിനെ (50) കണ്ണമൂല ആമയിഴഞ്ചാൻ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കാർ റോഡിന് സമീപത്തുനിന്നും കണ്ടെത്തി. ഓപ്പറേഷന് മുൻപു രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നു കുത്തിവച്ച ശേഷം തോട്ടിലേക്കു ചാടിയെന്നാണു കരുതുന്നത്. ഉച്ചയ്ക്ക് ഒന്നര മണിയോടെ വിപിന്റെ വാഹനം ഇവിടെ നിർത്തിയിട്ടിരിക്കുന്നുണ്ടായിരുന്നു.
കാറിന്റെ ഒരുവശത്തെ ഡോർ തുറന്ന നിലയിലായിരുന്നു. അസ്വഭാവികത തോന്നിയ പ്രദേശവാസികളിൽ ചിലർ പരിശോധിച്ചപ്പോഴാണു തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. അധികം ആൾപാർപ്പില്ലാത്ത പ്രദേശത്തായിരുന്നു കാർ നിർത്തിയിരുന്നത്. കാറിൽനിന്നു സിറിഞ്ചും മരുന്നുകുപ്പികളും കണ്ടെത്തി.
പോലീസും അഗ്നിരക്ഷാസേനയും എത്തിയാണു മൃതദേഹം പുറത്തെടുത്തത്. മകൻ സ്ഥലത്തെത്തി മൃതദേഹം വിപിന്റെതാണെന്നു തിരിച്ചറിഞ്ഞു. മുട്ടട സ്വദേശിയായ വിപിന്റെ ഭാര്യയും ഡോക്ടറാണ്.