റായ്ഗഡ്- മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബെനലി മലയിടുക്കിലേക്ക് ബസ് മറിഞ്ഞു 34 യാത്രക്കാരില്‍ 33 പേരും കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് അപകടമുണ്ടായത്. മഹാബലേശ്വറിലേക്ക് വിനോദയാത്ര പോകുകയായിരുന്നു ദപോലി അഗ്രിക്കള്‍ചറല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും സ്റ്റാഫുമാണ് ബസിലുണ്ടായിരുന്നത്. റായ്ഗഡ്, സതാറ ജില്ലകളുടെ അതിര്‍ത്തിയിലാണ് അപകടമുണ്ടായത്. 500 അടിയോളം താഴ്ചയുള്ള മലയിടുക്കിലേക്ക് വീണ ബസിലെ യാത്രക്കാരില്‍ ജീവനോടെ രക്ഷപ്പെട്ട ഒരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് അപകടം പുറത്തറിഞ്ഞത്. പോലീസും പുനെയില്‍ നിന്നെത്തിയ ദേശീയ ദുരന്ത നിവാരണ സേനയും പ്രദേശിക മലകയറ്റക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഈ മലമ്പാതയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ്.