ജിദ്ദ - നൂറു കണക്കിനാളുകളുടെ ജീവനെടുത്ത് മൊറോക്കൊയിൽ സംഹാരതാണ്ഡവമാടിയ ഭൂകമ്പത്തിൽ മൊറോക്കൊ ഗവൺമെന്റിനെയും ജനതയെയും സൗദി അറേബ്യ അനുശോചനം അറിയിച്ചു. ഈ വലിയ ദുരന്തത്തിൽ മൊറോക്കൊയോടും മൊറോക്കൊൻ ജനതയോടും പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി സൗദി അറേബ്യ പറഞ്ഞു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ച സൗദി അറേബ്യ പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
ദുരന്തത്തിൽ അനുശോചനം അറിയിച്ച് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മൊറോക്കൊ ഭരണാധികാരി മുഹമ്മദ് ആറാമൻ രാജാവിന് കമ്പി സന്ദേശങ്ങളയച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദാഗാനും ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽബുദൈവിയും അടക്കം ലോക നേതാക്കൾ ദുരന്തത്തിൽ അനുശോചനം പ്രകടിപ്പിച്ചു.
മൊറോക്കൊയിൽ അടിയന്തിര റിലീഫ് വസ്തുക്കൾ വിമാന മാർഗം എത്തിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ നിർദേശിച്ചു. മൊറോക്കൊയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ അടിയന്തിര സഹായങ്ങൾ എത്തിക്കാൻ ദുബായ് പോലീസ് റെസ്‌ക്യൂ ടീമുകൾക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം നിർദേശം നൽകി. മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സുമായി അഫിലിയേറ്റ് ചെയ്ത ചാരിറ്റി സ്ഥാപനങ്ങൾക്ക് മൊറോക്കൊയിൽ റിലീഫ് വസ്തുക്കൾ എത്തിക്കാൻ എയർ ബ്രിഡ്ജ് സ്ഥാപിക്കാനും ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂം നിർദേശിച്ചു.