പട്‌ന- ബിഹാറിലെ മുസഫര്‍പുര്‍ ജില്ലയിലെ സര്‍ക്കാര്‍ അഗതി സംരക്ഷണ കേന്ദ്രത്തില്‍ അന്തേവാസികളായ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന 42 പെണ്‍കുട്ടികളില്‍ 34 കുട്ടികളും മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയായെന്ന് ഉറപ്പായി. സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളില്‍ പത്തു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് കേസ് അന്വേഷണം സര്‍ക്കാര്‍ സിബിഐക്കു വിട്ടു.
മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ പഠനത്തിലാണ് ഈ അഗതി മന്ദിരത്തിലെ പെണ്‍കുട്ടികള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന വിവരം പുറത്തറിഞ്ഞത്. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇവിടുത്തെ അന്തേവാസികളായ പെണ്‍കുട്ടികളോട് സംസാരിച്ചാണ് കാര്യങ്ങള്‍ ഇവര്‍ അന്വേഷിച്ചറിഞ്ഞത്.
ഈ അഗതി മന്ദിരത്തിന്റെ നടത്തിപ്പു ചുമതലയുണ്ടായിരുന്ന സന്നദ്ധ സംഘടനയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. പെണ്‍കുട്ടികളെ മറ്റു ജില്ലകളിലെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. സന്നദ്ധ സംഘടനയുടെ മേധാവി ബ്രജേഷ് ഠാക്കൂറും അറസ്റ്റിലായിട്ടുണ്ട്.
ഇവിടെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടുണ്ടെന്ന സംശയവും ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് മണ്ണു മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രദേശത്ത് കുഴിച്ച് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
ഈ സംഭവം പ്രതിപക്ഷവും ആയുധമാക്കിയിട്ടുണ്ട്. സി.ബി.ഐ അന്വേഷണം വൈകിപ്പിച്ചതില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ പ്രതിപക്ഷ നേതാവ് ആര്‍.ജെ.ഡിയുടെ തേജസ്വി യാദവ് രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് രണ്ടു മന്ത്രിമാരുടെ പേരും ഉയര്‍ന്നിരുന്നു. ഇവര്‍ രാജിവയ്ക്കണമെന്ന് തേജസ്വി ആവശ്യപ്പെട്ടു. മന്ത്രി മഞ്ജു വര്‍മയുടെ ഭര്‍ത്താവ് ഈ അഗതി മന്ദിരത്തില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് അറസ്റ്റിലായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാര്യ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.