ഗോരഖ്പൂർ- ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നിൽ മുട്ടുകുത്തി അനുഗ്രഹം വാങ്ങി യു.പി പോലീസ് ഉദ്യോഗസ്ഥൻ. ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലാണ് സംഭവം. മുഖ്യമന്ത്രിയിൽനിന്ന് പ്രവീൺ കുമാർ സിംഗ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ടുകുത്തിയിരുന്ന് അനുഗ്രഹം തേടിയത്. പോലീസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ നെറ്റിയിൽ തിലകം ചാർത്തുന്നതിന്റെ ചിത്രവുമുണ്ട്.
ഗോരഖ്‌നാഥ് മേഖലയിലെ സർക്കിൾ ഇൻസ്‌പെക്ടറാണ് പ്രവീൺ കുമാർ. ഈ മേഖലയിലെ നിരവധി പോലീസ് സ്‌റ്റേഷനുകൾ ഇദ്ദേഹത്തിന് കീഴിലാണ്. യോഗി ആദിത്യനാഥിൽനിന്ന് അനുഗ്രഹം തേടിയെന്നാണ് ഫീലിംഗ് ബ്ലസ്ഡ് എന്ന തലക്കെട്ടിൽ പോലീസുകാരൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത്. ഗുരു പൂർണിമയോടനുബന്ധിച്ചായിരുന്നു ചടങ്ങ്. പോലീസുകാരൻ മുഖ്യമന്ത്രിയുടെ നെറ്റിയിൽ തിലകം ചാർത്തുന്നതും മുഖ്യമന്ത്രിക്ക് മാല ചാർത്തുന്നതും ചിത്രങ്ങളിലുണ്ട്. പോലീസ് യൂണിഫോമിൽ നടന്ന ചടങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അതേസമയം, വെറും അഞ്ചുമിനിറ്റ് നേരത്തെ ചടങ്ങിന് വേണ്ടി പോലീസുകാരൻ യൂണിഫോം അഴിച്ചുവെക്കണോ എന്ന ന്യായീകരണവും ചില കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്.