അമരാവതി- ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ തെലുഗു ദേശം പാര്‍ട്ടി( ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. അഴിമതിക്കേസില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് നന്ത്യല്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേഷണവും പൊലീസ് തടഞ്ഞു. നന്ത്യാല്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് നായിഡുവിന്റെ അടുത്തെത്തിയത്. നഗരത്തിലെ ടൗണ്‍ ഹാളില്‍ ഒരു പരിപാടിക്കു ശേഷം തന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു നായിഡു. മൂന്നു മണിക്കൂറിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവര്‍ത്തകര്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.