ന്യൂദല്‍ഹി- താനൊരു അഭിമാനിയായ ഹിന്ദുവാണെന്നും ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് താന്‍ അഭിമാനിയായ ഹിന്ദുവാണെന്ന് അദ്ദേഹം പറഞ്ഞത്. ഋഷി സുനക് തന്റെ ഹ്രസ്വ സന്ദര്‍ശന വേളയില്‍ ഇന്ത്യയിലെ ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹിന്ദുവായതില്‍ അഭിമാനിക്കുന്നുവെന്നും അങ്ങനെയാണ് വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് ദിവസം ഇവിടെയായിരിക്കുമ്പോള്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്- അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.
ഞങ്ങള്‍ക്ക് രക്ഷാബന്ധന്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ജന്മാഷ്ടമി ശരിയായി ആഘോഷിക്കാന്‍ എനിക്ക് സമയമില്ലായിരുന്നു. എന്നാല്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നതോടെ അത് നികത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിതത്തില്‍ എല്ലാവരേയും സഹായിക്കുന്ന ഒന്നാണ് വിശ്വാസം. പ്രത്യേകിച്ചും എന്നെപ്പോലെ സമ്മര്‍ദം നിറഞ്ഞ ജോലികള്‍ ഉണ്ടാകുമ്പോള്‍. സംയമനവും ശക്തിയും ലഭിക്കാന്‍ വിശ്വാസമുണ്ടായിരിക്കേണ്ടത് പ്രധാനമാണ്-ഋഷി സുനക് കൂട്ടിച്ചേര്‍ത്തു.
പാലം വിമാനത്താവളത്തില്‍ ഇറങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനേയും ഭാര്യ അക്ഷതാ മൂര്‍ത്തിയേും സ്വീകരിച്ച കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ ഭഗവദ് ഗീതയും ഹനുമാന്‍ ചാലിസയും രുദ്രാക്ഷവും സമ്മാനിച്ചു.
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഋഷി സുനക് ഉഭയകക്ഷി ചര്‍ച്ച നടത്തും.