മുംബൈ- 25 കാരിയായ എയർ ഹോസ്റ്റസ് രൂപാൽ ഒഗ്രേയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി പോലീസ് കസ്റ്റഡിയിൽ മരിച്ചു. മുംബൈ പോലീസ് കസ്റ്റഡിയിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ധേരി പോലീസ് സ്റ്റേഷനിലെ ടോയ്ലറ്റിനുള്ളിൽ ഒരു ജോടി പാന്റ്സ് കുരുക്കാക്കി തൂങ്ങിമരിച്ച നിലയിലാണ് പ്രതി വിക്രം അത്വാളി(40)നെ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
സബർബൻ അന്ധേരിയിലെ മരോൾ ഏരിയയിലെ വാടക ഫ്ളാറ്റിൽ ഞായറാഴ്ച രാത്രിയാണ് രൂപാൽ ഒഗ്രേയെ (25) കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഛത്തീസ്ഗഡ് സ്വദേശിയായ അവർ ഈ വർഷം ഏപ്രിലിൽ ഒരു പ്രമുഖ സ്വകാര്യ എയർലൈനിൽ പരിശീലനത്തിനായി മുംബൈയിൽ എത്തിയതായിരുന്നു. ഇവർ താമസിച്ചിരുന്ന റസിഡൻഷ്യൽ സൊസൈറ്റിയിൽ കഴിഞ്ഞ ഒരു വർഷമായി വീട്ടുജോലി ചെയ്തു വരികയായിരുന്ന വിക്രം അത്‌വാൾ. കൊലയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ, റുപാൽ ഒഗ്രിയെ കൊല്ലാൻ ഉപയോഗിച്ചതായി പറയപ്പെടുന്ന കത്തിയും കുറ്റകൃത്യം നടക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രവും പോലീസ് കണ്ടെടുത്തു.
വിക്രം അത്വാൾ വിവാഹിതനും രണ്ട് പെൺമക്കളുടെ അച്ഛനുമാണ്. വിക്രം അത്വാളും രൂപാൽ ഓഗ്രേയും നിസാര പ്രശ്നങ്ങൾക്ക് വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാലിന്യ സഞ്ചി എടുക്കാനെന്ന വ്യാജേന ഓഗ്രിയുടെ ഫ്ളാറ്റിൽ പ്രവേശിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.