അബുദാബി- യു.എ.ഇ തീരത്ത് തകര്‍ന്ന ഹെലികോപ്റ്ററിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ജി.സി.എ.എ അറിയിച്ചു. കാണാതായ രണ്ടാമത്തെ അംഗത്തിനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം സ്ഥിരീകരിച്ചു. മരിച്ചയാളുടെ കുടുംബത്തെ അതോറിറ്റി അനുശോചനം അറിയിച്ചു.
വ്യാഴാഴ്ച രാത്രി 8.30 യെടെയാണ് യു.എ.ഇ തീരത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നത്. എ6എഎല്‍ഡി രജിസ്‌ട്രേഷന്‍ മാര്‍ക്കോടെ എയ്‌റോഗള്‍ഫിന്റെ ഉടമസ്ഥതയിലുള്ള 'ബെല്‍ 212' ഹെലികോപ്റ്റര്‍ ഈജിപ്ഷ്യന്‍, ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന യാത്രക്കിടെ ഗള്‍ഫ് കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു.