അബുദാബി- ആപ്പിള്‍, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ ബാധിച്ചേക്കാവുന്ന സൈബര്‍ സുരക്ഷാ പ്രശ്‌നത്തെക്കുറിച്ച് യു.എ.ഇ അധികൃതരുടെ മുന്നറിയിപ്പ്.
സുരക്ഷാ വെല്ലുവിളി നേരിടാന്‍ CVE-2023-41064, CVE-2023-41061 എന്നീ അപഡേറ്റുകള്‍ ആപ്പിളും CVE-2023-35674 ആന്‍ഡ്രോയ്ഡും തയാറാക്കിയിട്ടുണ്ടെന്ന് യു.എ.ഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
സുരക്ഷാ പ്രശ്‌നങ്ങളെ ചെറുക്കുന്നതിന് ആപ്പിളും ആന്‍ഡ്രോയിഡും പുറത്തുവിടുന്ന ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അതോറിറ്റി ഉപയോക്താക്കളെ ഉപദേശിച്ചു.
ഈ പിഴവുകള്‍ 'തന്ത്രപ്രധാനമായ വിവരങ്ങളിലേക്കുള്ള അനധികൃത ആക്‌സസും ഉപകരണത്തിന്റെ പൂര്‍ണ നിയന്ത്രണവും' അനുവദിക്കുന്നു.
ആപ്പിള്‍ ഉപകരണങ്ങളില്‍ പുതുതായി കണ്ടെത്തിയ പിഴവ് മുതലെടുത്ത് സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനമായ എന്‍എസ്ഒയുമായി ബന്ധിപ്പിച്ച സ്‌പൈവെയര്‍ കണ്ടെത്തിയതായി ഡിജിറ്റല്‍ വാച്ച്‌ഡോഗ് ഗ്രൂപ്പായ സിറ്റിസണ്‍ ലാബിലെ ഗവേഷകര്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഒരു സിവില്‍ സൊസൈറ്റി ഗ്രൂപ്പിലെ ജീവനക്കാരന്റെ ആപ്പിള്‍ ഉപകരണം പരിശോധിച്ചപ്പോള്‍ ഇത് കണ്ടെത്തിയതായി സിറ്റിസണ്‍ ലാബ് പറഞ്ഞു.
ആപ്പിളിന്റെ ഉപകരണങ്ങളില്‍ ലഭ്യമായ 'ലോക്ക്ഡൗണ്‍ മോഡ്' എന്ന ഉയര്‍ന്ന സുരക്ഷാ ഫീച്ചര്‍ ഉപയോഗിക്കുന്നത് ഈ പ്രത്യേക ആക്രമണത്തെ തടയുമെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചതായി സിറ്റിസണ്‍ ലാബ് പറഞ്ഞു.