ഇസ്ലാമാബാദ്- ബുധനാഴ്ച നടന്ന പാക്കിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇംറാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയെ പാക് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലെ ഫലം പ്രഖ്യാപിച്ച 269 സീറ്റില്‍ 116-ഉം പി.ടിഐ നേടി. തൊട്ടടുത്ത എതിരാളി പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പി.എം.എല്‍-എന്‍)ന് 64 സീറ്റ് ലഭിച്ചു. 52 ശതമാനം വോട്ടര്‍മാരാണ് വോട്ടവകാശം വിനിയോഗിച്ചതെന്നും കമ്മീഷന്‍ അറിയിച്ചു. 2013-ല്‍ 54.8 ശതമാനമായിരുന്നു വോട്ടിങ്. ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാല്‍ പി.ടി.ഐ സഖ്യസര്‍ക്കാരുണ്ടാക്കാനുള്ള നീക്കമാരംഭിച്ചു. ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയാകും.
അതിനിടെ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നന്നെ് ആരോപിച്ച് ഫലം തള്ളിയ പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഒത്തു ചേര്‍ന്നു. മുഖ്യപ്രതിപക്ഷമായ പി.എം.എല്‍-എന്‍, മുത്തഹിദ മജ്‌ലിസി അമല്‍ (എം.എം.എ) എന്നീ പാര്‍്ട്ടികളുടെ നേതൃത്വത്തിലാണ് വിവിധ പാര്‍ട്ടി നേതാക്കള്‍ ഒത്തു ചേര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷനെതിരെ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പു ഫലം പൂര്‍ണമായും തള്ളിക്കളയുന്നതായി ഇവര്‍ പ്രഖ്യാപിച്ചു. ഈ ഫലം ജനങ്ങളുടെ വിധി എഴുത്തല്ലെന്നും ജനവിധിയുടെ മോഷണമാണ് നടന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമായ പാര്‍ട്ടികളുടെ ജയിച്ച സ്ഥാനാര്‍ത്ഥികള്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് എം.എം.എ പ്രസിഡന്റ് മൗലാന ഫസലുര്‍ റഹ്മാന്‍ പറഞ്ഞു. അതേസമയം മൂന്നാമത്തെ വലിയ കക്ഷിയായ പാക്കിസ്ഥാന്‍ പീപ്പ്ള്‍്‌സ് പാര്‍ട്ടി (പി.പി.പി) ഈ പ്രതിപക്ഷ കൂട്ടായ്മയ്‌ക്കൊപ്പം ഇല്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് പി.പി.പിയും ആരോപിക്കുന്നുണ്ട്. ചിലയിടത്ത് പി.ടി.ഐ പോലും ക്രമക്കേടുകള്‍ ആരോപിച്ച് രംഗത്തു വന്നിരുന്നു.
തെരഞ്ഞെടുപ്പു ഫലത്തില്‍ ആശങ്കയുള്ള മറ്റു പാര്‍ട്ടികളുമായി പ്രതിപക്ഷ കൂട്ടായ്മ ബന്ധപ്പെടുമെന്നും അവരേയും കൂടെ ചേര്‍ത്ത് പുനര്‍ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭം നടത്താനാണു തീരുമാനമെന്നും പ്രതിപക്ഷം അറിയിച്ചു. കോടിക്കണക്കിന് രൂപയുടെ പൊതുപണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍മാരേയും പ്രിസൈഡിങ് ഓഫീസര്‍മാരേയും സൈനികരുടെ നിന്ത്രണത്തില്‍ നിര്‍ത്തി നടത്തിയ ഈ തെരഞ്ഞെടുപ്പ് പാഴാണെന്നും പ്രതിപക്ഷ കൂട്ടായ്മ ആരോപിച്ചു.