ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചു; ലോറി പോയത് ജലസംഭരണയിലേക്ക്, ഡ്രൈവറും ക്ലീനറും നീന്തി രക്ഷപ്പെട്ടു

ഹൈദരാബാദ്- ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച ട്രക്ക് ഡ്രൈവറെ എത്തിച്ചത് ജലസംഭരണയില്‍. തെലങ്കാനയിലാണ് സംഭവം. ഹുസ്‌നാബാദിലേക്കുള്ള യാത്രാമധ്യേയാണ് ട്രക്ക് ജലസംഭരണിയില്‍ ഇറങ്ങിയത്.  
ശിവ എന്ന ഡ്രൈവറും ക്ലീനര്‍ മൊണ്ടയ്യയുമാണ് പ്രാദേശിക റോഡുകള്‍ പരിചയമില്ലാത്തതിനാല്‍ ഹുസ്‌നാബാദിലേക്കുള്ള വഴി നാവിഗേറ്റ് ചെയ്യാന്‍ ആപ്പ് ഉപയോഗിച്ചത്. എന്നാല്‍, പുലര്‍ച്ചെ രണ്ട് മണിയോടെ അക്കണ്ണപേട്ട മണ്ഡലത്തിലെ ഗുഡാറ്റിപ്പള്ളിയില്‍ നിര്‍മിച്ച ഗൗരവെല്ലി പദ്ധതിയുടെ ജലസംഭരണിയിലെത്തുകയായിരുന്നു. വാഹനം നില്‍ക്കുന്നതുവരെ വെള്ളത്തിലൂടെ ഓടിക്കുകയും ചെയ്തു.
റിസര്‍വോയറിനു സമീപം ബൈപാസ് പാതയിലേക്ക് ഗതാഗതം തിരിച്ചുവിടാന്‍ സ്‌റ്റോപ്പറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, നാവിഗേഷന്‍ ആപ്പിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരും റൂട്ട് സ്വീകരിച്ചത്.
ദൃശ്യപരത കുറവായതിനാല്‍, അടുത്തിടെ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടായിരിക്കുമെന്നാണ് ഡ്രൈവര്‍ കരുതിയത്.  
ക്യാബിനിലേക്ക് വെള്ളം കയറി ലോറി കുറച്ച് സമയത്തിന് ശേഷം നിശ്ചലമായി. വെള്ളത്തിന് നടുവില്‍നിന്ന് ഇരുവരും നീന്തി രക്ഷപ്പെടുകയായിരുന്നു.  ഗൗരവെല്ലി ഗ്രാമത്തിലെ നാട്ടുകാര്‍ സഹായത്തിനെത്തുകയും ചെയ്തു.
എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് ജെസിബി ഉപയോഗിച്ചാണ് ട്രക്ക് വെള്ളത്തില്‍ നിന്ന് പുറത്തെടുത്തത്.

 

Latest News