തിരുവനന്തപുരം- ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃപദവിയില്‍ ആരെ നിയമിക്കണമെന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. പ്രസിഡന്റ് പദവിയിലേക്ക് കേന്ദ്ര നേതൃത്വത്തിന് ഇതുവരെ ആളെ കണ്ടെത്താനായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ മുന്‍ അധ്യക്ഷന്‍മാരില്‍ ഒരാള്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കണമെന്നാണ് ധാരണയെങ്കിലും ആര്‍.എസ്.എസിന്റെ ഇടപെടല്‍ മൂലം അനിശ്ചിതത്വം തുടരുകയാണ്. കുമ്മനം രാജശേഖരനെ തിരികെ പാര്‍ട്ടി നേതൃത്വത്തില്‍ എത്തിക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കുമ്മനത്തെ തിരികെ കൊണ്ടു വന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണു ആര്‍.എസ്.എസ് നിര്‍ദേശം.
മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ പി.കെ കൃഷ്ണദാസ്, പി.എസ് ശ്രീധരന്‍പിള്ള, വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍ എന്നിവരില്‍ ഒരാളെ താല്‍ക്കാലിക ചുമതല ഏല്‍പ്പി്ക്കാനാണു ധാരണയായിട്ടുള്ളത്. ഇതു നടപ്പിലായാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ശ്രീധരന്‍പിള്ളക്കാകും നറുക്ക് വീഴുക. കെ. സുരേന്ദ്രനേയും എ.ടി രമേശിനേയും സംസ്ഥാന പ്രഡിന്റാക്കണമെന്നാവശ്യപ്പെട്ട് ഇരു വിഭാഗങ്ങള്‍ രംഗത്തെത്തിയത് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് തലവേദനയായിരുന്നു. സമവായ ശ്രമവുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയെങ്കിലും തീരുമാനമാകാതെ മടങ്ങുകയായിരുന്നു.