സൗദിയില്‍ പൊതുഗതാഗതം വന്‍ വിജയം; കിഴക്കന്‍ പ്രവിശ്യയില്‍ ബസ് സര്‍വീസ് പ്രയോജനം പത്തു ലക്ഷം പേര്‍ക്ക്

ദമാം - ഈ വര്‍ഷാദ്യം മുതല്‍ കഴിഞ്ഞ ദിവസം വരെ കിഴക്കന്‍ പ്രവിശ്യ ബസ് സര്‍വീസ് പത്തു ലക്ഷത്തിലേറെ പേര്‍ പ്രയോജനപ്പെടുത്തിയതായി കണക്ക്. ദമാം, അല്‍കോബാര്‍, ദഹ്‌റാന്‍, ഖത്തീഫ് എന്നിവിടങ്ങളില്‍ ആകെ 200 കിലോമീറ്റര്‍ ദൂരത്തിലുള്ള റൂട്ടുകളിലാണ് ബസ് സര്‍വീസുകളുള്ളത്. പ്രവിശ്യയില്‍ സാമ്പത്തിക ഉണര്‍വിനും സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താനും ബസ് സര്‍വീസ് സഹായിക്കുന്നു.
കിഴക്കന്‍ പ്രവിശ്യയില്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണവും ബസ് സര്‍വീസ് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണെന്ന് അശ്ശര്‍ഖിയ നഗരസഭ പറഞ്ഞു. സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക മേഖലകളില്‍ ബസ് സര്‍വീസ് അനുകൂല ഫലം ചെലുത്തുന്നതായും നഗരസഭ പറഞ്ഞു. രാവിലെ 5.30 മുതല്‍ രാത്രി 11.30 വരെ കിഴക്കന്‍ പ്രവിശ്യയില്‍ ബസ് സര്‍വീസുകളുണ്ട്. പ്രവിശ്യയിലെ ഭൂരിഭാഗം പ്രധാന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ബസ് സര്‍വീസ് ശൃംഖലയില്‍ ആകെ 212 ബസ് സ്റ്റേഷനുകളാണുള്ളത്. ഒരു ദിശയില്‍ ടിക്കറ്റ് നിരക്ക് 3.45 റിയാലാണ്.

 

 

Latest News