Sorry, you need to enable JavaScript to visit this website.

തോറ്റത് ജെയ്കല്ല, പിണറായി വിജയൻ; സി.പി.എമ്മിന് 12000 വോട്ടുകൾ കുറഞ്ഞു, ബി.ജെ.പിക്ക് 5136ഉം

കോഴിക്കോട് - പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടിയപ്പോൾ തോറ്റത് ഇടത്‌ സ്ഥാനാർത്ഥി ജെയ്ക് സി തോമസല്ല, മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയൻ തന്നെയാണ്. തെരഞ്ഞെടുപ്പ് പോർമുഖത്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞ വാക്കുകൾ അക്ഷരം പ്രതി ശരിയെന്ന് സമർത്ഥിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. അതേ, 'ഇത് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തൽ' തന്നെ.
 ഉപതെരഞ്ഞെടുപ്പുകളിലെ ജയവും തോൽവിയുമൊക്കെ സാധാരണമെങ്കിലും പിണറായി വിജയന്റെ രണ്ടാമൂഴത്തിലൂടെ നാടിനെയും ജനങ്ങളെയും മറന്ന് തങ്ങൾ പറഞ്ഞതാണ് പൂർണ ശരിയെന്നും മാധ്യമങ്ങളും പൊതുസമൂഹവും ഉയർത്തുന്ന ചോദ്യങ്ങളെയെല്ലാം അവഗണിച്ച് മുന്നോട്ടു പോകാമെന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനുള്ള മറുപടി കൂടിയാണ് പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം. 
 സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ഉപജാപ സംഘങ്ങളിലൂടെയും ഉപദേശക വലയങ്ങളിലൂടെയും പാർട്ടി കേഡറുകളും സൈബർ സഖാക്കളും പാടുന്ന വിപ്ലവഗീതങ്ങളിലൂടെ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും നോക്കി പല്ലിളിക്കുകയായിരുന്നു പിണറായി സർക്കാർ. എന്തിനേറെ ഒരു വേള പുതുപ്പള്ളിയിൽ ചർച്ച വികസനത്തിലേക്ക് കേന്ദ്രീകരിക്കാൻ പാടുപെട്ട സർക്കാർ ഉമ്മൻചാണ്ടിയോട് കാണിച്ച കൊടും വാക്കുകൾക്കു കൂടിയുള്ള ശിക്ഷയായി ഉപതെരഞ്ഞെടുപ്പ് ഫലം. 
 സർക്കാറിനും മുഖ്യമന്ത്രിക്കുമെതിരേ ഉയരുന്ന ചോദ്യങ്ങളോടെല്ലാം പരമ പുച്ഛത്തോടെ മുഖം തിരിച്ച് സ്റ്റേജുകളിൽനിന്ന് സ്‌റ്റേജുകളിലേക്ക് പാർട്ടി സഖാക്കളും പോലീസ് സേനയും ഒരുക്കുന്ന രക്ഷാകവചത്തിൽനിന്ന് എത്രതന്നെ പരിഹാസം ചൊരിഞ്ഞാലും ജനം വിധിച്ചത് കിട്ടാതെ ഒരു പിണറായിക്കും ഇറങ്ങിപ്പോകാനാവില്ല. കടുത്ത സാമ്പത്തിക ദുരിതവും തൊഴിലില്ലായ്മയും വർധിക്കുമ്പോഴും സർക്കാർ സംവിധാനങ്ങളിലെ ധൂർത്തിനും പൊങ്ങച്ചത്തിനും യാതൊരു കുറവുമില്ല. നിത്യോപയോഗ വസ്തുക്കളുടെയും മറ്റും പൊള്ളുന്ന ജീവിത യാഥാർത്ഥ്യങ്ങൾക്കിടയിൽ പോലും ജനപ്രതിനിധികളുടെ ശമ്പള ഇനത്തിൽ ഒരു രൂപയെങ്കിലും കുറച്ച് നാട്ടിലെ പരമസാധുക്കളുടെ പ്രശ്‌നങ്ങളെ അതിന്റെ സ്പരിറ്റിൽ ഉൾക്കൊള്ളാൻ സർക്കാറിനായില്ല. കേന്ദ്രവും കേരളവും പരസ്പരം മത്സരിച്ച് ജനജീവിതം എത്ര കണ്ട് കൂടുതൽ ദുസ്സഹമാക്കിയോ അതേ അളവിൽ തന്നെ ഇരുകൂട്ടർക്കും പുതുപ്പള്ളിയിലെ ജനകീയ കോടതിയിൽനിന്ന് അടി കിട്ടിയിരിക്കുന്നു. ഇതു കണ്ടെങ്കിലും പഠിക്കുമോ ആവോ? പാർട്ടിക്ക് തൊടാനാകാത്ത പിണറായിയെ ജനം തെരുവിൽ വലിച്ചു കീറുന്നതിന്റെ സാമ്പിൾ വെടിക്കെട്ടാണിപ്പോൾ പുതുപ്പള്ളിയിലുണ്ടായത്. ഇത് തിരിച്ചറിഞ്ഞ് തക്ക ചികിത്സ നൽകാൻ വൈകിയെങ്കിലും സി.പി.എമ്മിനും ഗോവിന്ദൻ മാസ്റ്ററുടെ പാർട്ടി സംവിധാനങ്ങൾക്കുമായാൽ കൂടുതൽ നന്ന്.
 ഉമ്മൻചാണ്ടിയോടുള്ള സഹതാപം എന്നതിനേക്കാൾ ഉമ്മൻചാണ്ടി വേട്ടയോടുള്ള സർക്കാർ വിരുദ്ധ വികാരം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായത്. 37719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തോടെയാണ് കുഞ്ഞുഞ്ഞിന്റെ പ്രിയ പുത്രനെ പുതുപ്പള്ളിക്കാർ നിയമസഭയിലേക്ക് അയച്ചത്. 2021-നേക്കാൾ 16772 അധിക വോട്ടുകളുമായി 80144 വോട്ടുകളുമായി ചാണ്ടി ഉമ്മനിലൂടെ യു.ഡി.എഫ് മികച്ച മുന്നേറ്റം കാഴ്ചവെച്ചപ്പോൾ, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസിന് 2021-നേക്കാൾ 11903 വോട്ടുകളുടെ കുറവോടെ 42425 വോട്ടുകൊണ്ട് തൃപ്തിയടയേണ്ടിവന്നു. ബി.ജെ.പിക്കും വോട്ടിൽ 5136 വോട്ടുകളുടെ കുറവുണ്ടായിരിക്കുന്നു. എന്തായാലും പിതാവ് 53 വർഷം ജനപ്രതിനിധിയായ മണ്ഡലത്തിൽ തന്റെ 37-ാം വയസ്സിലെ കന്നിയങ്കത്തിൽ തന്നെ 37000-ത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മന് അച്ഛന്റെ പിൻഗാമിയാകാൻ സാധിച്ചിരിക്കുന്നു. 
 പുതുപ്പള്ളിയുടെ പുതുനായകന് ലഭിച്ച ഈ വലിയ അംഗീകാരം നിലനിർത്താൻ സാധിക്കുന്നിടത്താണ് അദ്ദേഹത്തിന്റെയും മുന്നണിയുടെയും വിജയം ലോകസഭാ തെരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാവുക. അത്തരമൊരു വെല്ലുവിളിയാണ് യു.ഡി.എഫിന് പുതുപ്പള്ളി നൽകുന്നത്. അത് ശരിയാംവിധം മനസ്സിലാക്കിയാൽ അവർക്കു നന്ന്.

Latest News