ബംഗളൂരു- കർണാടകയിൽ ജെഡിഎസുമായുള്ള സഖ്യത്തിന് അന്തിമ രൂപമായതായി ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് നേരത്തെ വന്ന റിപ്പോർട്ടുകൾക്ക് അദ്ദേഹം സ്ഥിരീകരണം നൽകിയത്. .
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടിരുന്നുവെന്ന് യെദ്യൂരപ്പ പറഞ്ഞു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ യോജിച്ച പോരാട്ടം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് അന്തിമ ചർച്ചകൾ നടക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ചർച്ചകൾക്ക് ശേഷം പ്രഖ്യാപനം നടത്തും.
ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ ഇന്ത്യ സഖ്യ സമ്മേളനത്തിൽ ദേവഗൗഡ പങ്കെടുത്തിരുന്നില്ല. സംസ്ഥാനത്ത് ബിജെപിയുമായി കൈകോർക്കുമെന്ന് വ്യക്തമായ സൂചന നൽകിക്കൊണ്ടാണ് അദ്ദേഹം വിട്ടുനിന്നത്. 28ൽ അഞ്ച് സീറ്റുകളാണ് ജെഡി(എസ്) ആവശ്യപ്പെട്ടതെന്നും ബിജെപി നാല് സീറ്റുകൾക്കായി വിലപേശൽ നടത്തുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഹാസൻ, മാണ്ഡ്യ, കോലാർ, തുംകുരു, ബംഗളൂരു റൂറൽ സീറ്റുകളിലേക്കാണ് ജെഡി(എസ്) ഉറച്ചുനിൽക്കുന്നത്. ദേവഗൗഡയുടെ ചെറുമകൻ പ്രജ്വൽ രേവണ്ണയാണ് ഹാസനെ പ്രതിനിധീകരിച്ചിരുന്നത്. സ്വത്ത് സംബന്ധിച്ച വിവരങ്ങൾ തെഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറച്ചുവെച്ചതിന്റെ പശ്ചാത്തലത്തിൽ കർണാടക ഹൈക്കോടതി അടുത്തിടെ അദ്ദേഹത്തെ അയോഗ്യനാക്കിയിരുന്നു.
ജെഡി(എസ്)ന്റെ ശക്തമായ അടിത്തറയാണ് മാണ്ഡ്യ, എന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച സിറ്റിംഗ് എംപി സുമലത അംബരീഷിനെ ബിജെപി പിന്തുണക്കുന്നു. പ്രധാന കാര്യങ്ങളിൽ അവർ ബിജെപിക്ക് പിന്തുണ നൽകിയിരുന്നു. മാണ്ഡ്യ സീറ്റ് ബിജെപി നിലനിർത്തുമെന്നും സുമലത അംബരീഷിനെ ബിജെപി ടിക്കറ്റിൽ മത്സരിപ്പിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയവും ഉറപ്പ് പദ്ധതികളുടെ നടത്തിപ്പും മുൻനിർത്തി പാർലമെന്റ് തെരഞ്ഞെടുപ്പിൽ 28 സീറ്റിൽ 20 സീറ്റും നേടാനാണ് കോൺഗ്രസ് പാർട്ടി ശ്രമിക്കുന്നത്.