ജനീവ- ഉത്തരാര്‍ധ ഗോളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനലാണ് കടന്നുപോയതെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ മുന്നറിയിപ്പ്. ഇതോടെ കാലാവസ്ഥയുടെ തകര്‍ച്ച ആരംഭിച്ചു കഴിഞ്ഞെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തി.
യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസിന്റെ കണക്കുകള്‍ വിലയിരുത്തിയാണ് ലോക കാലാവസ്ഥാ സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ആഗസ്ത് മാസമാണ് കടന്നു പോയതെന്നും അതോടൊപ്പം ചരിത്രത്തിലെ രണ്ടാമത്തെ ചൂടേറിയ മാസവുമാണതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മൂന്നുവര്‍ഷമായി വളരെ ഉയര്‍ന്ന നിലയിലാണ് സമുദ്രതാപനിലയുള്ളത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വേഗത്തിലാണ് കാലാവസ്ഥയുടെ തകര്‍ച്ചയെന്ന് മുന്നറിയിപ്പ് നല്‍കിയ യു. എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണം അതാണെന്നും പറഞ്ഞു.