Sorry, you need to enable JavaScript to visit this website.

പൊതുവിദ്യാഭ്യാസം തകർക്കുന്ന നിലപാട് അവസാനിപ്പിക്കണം -എ.പി അനിൽകുമാർ

എ.ഐ.പി.ടി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത യാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണം എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം- പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സമീപനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് എ.പി അനിൽകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. എ.ഐ.പി.ടി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത യാത്രയ്ക്ക് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് കെ.പി.എസ്.ടി.എ മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് പണം നൽകാതെ സർക്കാർ പ്രധാന അധ്യാപകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നു. ഗവൺമെന്റ്, പ്രൈമറി സ്‌കൂളുകളിലേക്ക് നിയമനം ലഭിച്ച പ്രധാന അധ്യാപകർക്ക് ശമ്പളം നൽകുന്നില്ല. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി 18 ശതമാനം ഡി.എ കുടിശികയായിരിക്കുന്നു. ശമ്പള പരിഷ്‌കരണ കുടിശിക പോലും അനുവദിക്കുന്നില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണ്. സമയത്ത് തസ്തിക നിർണയം നടത്താതെ കരാർ അധ്യാപക നിയമനങ്ങൾ വ്യാപകമാക്കുന്നു. 
എയ്ഡഡ് സ്‌കൂളുകളിൽ നിയമനാംഗീകാരം ലഭിക്കാതെ അധ്യാപകർ ദുരിതത്തിലാണ്. ദീർഘവീക്ഷണം ഇല്ലാത്ത ഇത്തരം നയങ്ങളിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ സർക്കാർ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണന്ന് അദ്ദേഹം പറഞ്ഞു. കെ.പി.എസ്.ടി.എ മലപ്പുറം റവന്യൂ ജില്ലാ പ്രസിഡന്റ് കെ.വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. എ.ഐ.പി.ടി.എഫ് അഖിലേന്ത്യ ട്രഷറർ ഹരിഗോവിന്ദൻ മറുപടി പ്രസംഗം നടത്തി. കെ.പി,എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ശ്യാംകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശൻ, കെ.സുരേഷ്, മലപ്പുറം റവന്യൂ ജില്ലാ സെക്രട്ടറി ഇ.ഉമേഷ് കുമാർ, കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി ദിനേശ്, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂനിയൻ നേതാവ് പി.ഉണ്ണി, വി.കെ അജിത് കുമാർ, എം.പി മുഹമ്മദ്, ബാബു വർഗീസ് എന്നിവർ സംസാരിച്ചു.

Latest News