Sorry, you need to enable JavaScript to visit this website.

ഗാർഹിക തൊഴിലാളികൾക്ക് മൂന്നു മാസത്തേക്ക് ഇഖാമ പുതുക്കാനാവുമോ?

ചോദ്യം: ഞാൻ ഹൗസ് ഡ്രൈവർ വിസയിൽ ആണുള്ളത്. എന്റെ ഇഖാമ കഴിഞ്ഞ വർഷം നവംബർ 11 ന് കാലാവധി കഴിഞ്ഞു. ഇപ്പോൾ ഞാൻ ഫൈനൽ എക്‌സിറ്റിൽ പോകാൻ  ആഗ്രഹിക്കുന്നു. ഫൈനൽ എക്‌സിറ്റ് അടിക്കുന്നതിന് മൂന്നു മാസത്തേക്ക് ഇഖാമ പുതുക്കുന്നതിനാവശ്യമായ ഫീസ് നൽകണമെന്നാണ് സ്‌പോൺസർ പറയുന്നത്. ഇഖാമ പുതുക്കാതെ ഫൈനൽ എക്‌സിറ്റ് സാധ്യമാവുമോ?

ഉത്തരം: ആഭ്യന്തര മന്ത്രാലയ നിയമം അനുസരിച്ച് ഗാർഹിക തൊഴിലാളികളുടെ ഇഖാമ കുറഞ്ഞത് 12 മാസത്തേക്ക് പുതുക്കണം എന്നതാണ്. നിങ്ങളുടെ ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് എട്ടു മാസമായി. മാത്രമല്ല, ഗാർഹിക തൊഴിലാളി ആണെന്നതിനാൽ നിങ്ങളുടെ  ഇഖാമ മൂന്നു മാസത്തേക്ക് പുതുക്കാൻ കഴിയില്ല. മൂന്നു മാസത്തേക്ക് പുതുക്കാൻ കഴിയുക വാണിജ്യാവശ്യാർഥമുള്ള തൊഴിലാളികളുടെ  ഇഖാമ മാത്രമാണ്. ഗാർഹിക തൊഴിലാളികളുടേത് ഒരു വർഷം എന്ന തോതിലാണ് പുതുക്കുക. ഇഖാമ പുതുക്കിയ ശേഷം മാത്രേമ ഫൈനൽ എക്‌സിറ്റ് അടിക്കാൻ സാധിക്കൂ. 

ജോലിക്കു വേണ്ടി രക്ഷപ്പെട്ടയാൾ എന്ന സ്റ്റാറ്റസിൽ റിലീസ് ലഭിക്കുമോ?

ചോദ്യം: എന്റെ ഇഖാമയുടെ സ്റ്റാറ്റസ് ജോലിക്കു വേണ്ടി രക്ഷപ്പെട്ടയാൾ (മുതഗ്യാബ്) എന്ന നിലയിലാണ്. എനിക്ക് പഴയ സ്‌പോൺസറിൽനിന്ന് റിലീസ് ലഭിക്കുമോ?

ഉത്തരം: പഴയ സ്‌പോൺസർ നിങ്ങളുടെ ഇഖാമയുടെ ജോലിക്കു വേണ്ടി ഒളിച്ചോടിയ ആൾ എന്ന നിലയിലുള്ള സ്റ്റാറ്റസ് മാറ്റണം. അതിനു ശേഷം നിങ്ങൾക്ക് തൊഴിൽ സാമൂഹിക വിഭാഗം മന്ത്രാലയത്തിൽനിന്ന് സ്‌പോൺസർഷിപ് മാറ്റാനാവും. 


ഇഖാമക്ക് അഞ്ചുമാസ കാലാവധി ഉള്ളപ്പോൾ എക്‌സറ്റ് റീ എൻട്രി

ചോദ്യം: എന്റെ ഇഖാമക്ക് അഞ്ചു മാസവും 15 ദിവസവുമാണ് കാലാവധി. എനിക്ക് മൂന്നു മാസത്തേക്ക് എക്‌സിറ്റ് റീ എൻട്രി ലഭിക്കുമോ?

ഉത്തരം: ഇഖാമയുടെ കാലാവധിയുടെ അവസാന ദിവസം വരെ എക്‌സിറ്റ് റീ എൻട്രി ലഭിക്കും. എക്‌സിറ്റ് റീ എൻട്രി അടിക്കുമ്പോൾ മടങ്ങി വരുന്ന തീയതിവെച്ച് വേണം അപേക്ഷ സമർപ്പിക്കാനെന്നത് പ്രത്യേകം ശ്രദ്ധിക്കണം. 

രണ്ടു വർഷം കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കൽ

ചോദ്യം: എന്റെ ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് രണ്ടു വർഷവും ഏഴു മാസവും പിന്നിട്ടു. ഇനി ഇഖാമ പുതുക്കുന്നതിന് എത്ര റിയാൽ ഫൈൻ നൽകേണ്ടി വരും?

ഉത്തരം: ജവാസാത്ത് നിയമപ്രകാരം ഇഖാമയുടെ കാലാവധി കഴിഞ്ഞ് ആദ്യമായാണ് പുതുക്കുന്നതെങ്കിൽ 500 റിയാൽ ആണ് ഫൈൻ. കാലാവധി കഴിഞ്ഞ നിലയിൽ രണ്ടാം തവണയോ മൂന്നാം തവണയോ ആണ്  പുതുക്കുന്നതെങ്കിൽ 1000 റിയാലാണ് ഫൈൻ. കാലാവധി എത്ര കഴിഞ്ഞു എന്നത് പ്രശ്‌നമല്ല. ഫൈൻ നൽകിയാൽ പുതുക്കാൻ കഴിയും. 

 


 

Latest News