Sorry, you need to enable JavaScript to visit this website.

ലൈംഗിക പീഡനങ്ങൾ വർധിക്കുന്നതിന് ഉദാരമദ്യനയവുമായി കേരള സർക്കാർ കൂട്ട് നിൽക്കുന്നു -വിമൻ ജസ്റ്റിസ്

ആലുവയിൽ എട്ടു വയസ്സുകാരിക്ക് നേരെയുണ്ടായ പീഡനത്തിൽ പ്രതിഷേധിച്ച് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംഘടിച്ച ശ്രദ്ധ ക്ഷണിക്കൽ സമരം. 

തിരുവനന്തപുരം -ലൈംഗിക പീഡനങ്ങൾ വർധിക്കുന്നതിന് ഉദാരമദ്യനയവുമായി കേരള സർക്കാർ കൂട്ട് നിൽക്കുന്നുവെന്നും സ്ത്രീ സുരക്ഷയും സ്ത്രീശാക്തീകരണവും പരസ്യവാചകങ്ങൾ മാത്രമാണെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി.എ ഫായിസ. 
ആലുവയിൽ അമ്മയോടൊപ്പം കിടന്നുറങ്ങിയ എട്ട് വയസുകാരിയെയാണ് തിരുവനന്തപുരം സ്വദേശിയായ ക്രിസ്റ്റിൽ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. 
സ്ത്രീകൾക്കും പെൺകുട്ടികൾക്കും സുരക്ഷിത ബോധം ഉണ്ടാകണമെങ്കിൽ ഇവിടെ നിയമമുണ്ടെന്നും ആ നിയമത്തിന് പ്രഹരശേഷിയുണ്ടെന്നും കുറ്റവാളി തിരിച്ചറിയണം. അതിന് വേണ്ടത് ആർജ്ജവമുള്ള ഒരു സർക്കാരും ആഭ്യന്തര വകുപ്പുമാണ്.

യഥേഷ്ടം ലഹരിയൊഴുക്കി കുറ്റവാളികളെ വളർത്താനും, പിടിക്കപ്പെട്ടവരെ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുത്താനും പ്രതിജ്ഞയെടുത്ത സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ ശക്തമായ പ്രക്ഷോഭങ്ങളുമായി സ്ത്രീകളും പെൺകുട്ടികളും അധികാര കേന്ദ്രങ്ങളിലേക്ക് ഇരച്ച് കയറുകയല്ലാതെ ഇനി വേറെ വഴിയില്ല എന്നും അവർ പറഞ്ഞു.

ലൈംഗിക പീഡനവാർത്ത അറിഞ്ഞുടനെ വിമൻ ജസ്റ്റിസ് എറണാകുളം ജില്ലാകമ്മിറ്റി ശ്രദ്ധ ക്ഷണിക്കൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജീവന് സുരക്ഷയും മെച്ചപ്പെട്ട സാമൂഹ്യചുറ്റുപാടുകളും പൊതുജനങ്ങളുടെ അവകാശമാണ്. അത് നൽകാൻ ഭരണാധികാരികൾ ബാധ്യസ്ഥരാണ്. അധികാരികളുടെ ഉത്തര വാദിത്വമില്ലായ്മയാണ് ആലുവയിൽ പീഡനക്കേസുകൾ വർധിക്കാൻ കാരണം. മാസങ്ങളുടെ വ്യത്യാസത്തിലാണ് ബാലപീഡനം ആലുവയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. അധികാരികൾ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പരിപാടിക്ക് ജില്ലാ നേതാക്കൾ നേതൃത്വം നൽകി.

Latest News