ചെന്നൈ- തമിഴ്‌നാട്ടില്‍ നിന്ന് എന്തെങ്കിലും ഉന്മൂലനം ചെയ്യണമെങ്കില്‍ അത് ഡിഎംകെയെ ആണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഡിഎംകെ എന്നാല്‍ ഡി- ഡെങ്കിപ്പനി, എം- മലേറിയ, കെ- കൊസു എന്നാണെന്ന് അദ്ദേഹം എക്‌സില്‍ ആരോപിച്ചു. ആളുകള്‍ ഈ മാരക രോഗങ്ങളെ ഡിഎംകെയുമായി ബന്ധപ്പെടുത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തമിഴില്‍ കൊസു എന്നാല്‍ കൊതുകാണ്.
മകന്‍ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളെ ന്യായീകരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തന്നെ രംഗത്തുവന്നതോടെ ഡി.എം.കെക്കെതിരായ വിമര്‍ശം ബി.ജെ.പി ശക്തമാക്കി. കഴിഞ്ഞയാഴ്ച ചെന്നൈയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ഉദയനിധി സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയുമായും മലേറിയയുമായും ഉപമിച്ചത്. ഇത്തരം കാര്യങ്ങളെ എതിര്‍ക്കുകയല്ല, നശിപ്പിക്കുകയാണ് വേണ്ടതെന്നും ഡിഎംകെ നേതാവ് പറഞ്ഞിരുന്നു. ഉദയനിധി സനാതന ധര്‍മത്തെ പിന്തുടരുന്നവരെ ഉന്മൂലനം ചെയ്യാനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഇതിനു പിന്നാലെ ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടകനകളും ആരോപിച്ചു.
ഞങ്ങള്‍ എല്ലാവരും നിങ്ങളുടെ പ്രസ്താവനയും നിങ്ങളുടെ മകന്റെ പ്രസ്താവനയും സോഷ്യല്‍ മീഡിയയില്‍ വായിച്ചുവെന്നും കഴിഞ്ഞ മൂന്നു നാലു ദിവസമായി നിങ്ങള്‍ പരാജയപ്പെട്ടിരിക്കയാണെന്നും എംകെ സ്റ്റാലിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോയില്‍ അണ്ണാമലൈ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി നുണകള്‍ പറഞ്ഞുവെന്ന എം.കെ സ്റ്റാലിന്റെ പ്രസ്താവനയേയും അണ്ണാമലൈ വിമര്‍ശിച്ചു.
ഉദയനിധി എന്താണ് സംസാരിച്ചതെന്ന് അറിയാതെ പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തുന്നത് അന്യായമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വ്യാഴാഴ്ച രാവിലെ പറഞ്ഞിരുന്നു.
അടിച്ചമര്‍ത്തല്‍ തത്വങ്ങള്‍ക്കെതിരായ തന്റെ മകന്റെ നിലപാട് സഹിക്കാന്‍ കഴിയാതെ ബിജെപി അനുകൂല ശക്തികള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.