ചെന്നൈ- സൗരദൗത്യം ആദിത്യ എല്‍ 1ല്‍ നിന്നുള്ള ആദ്യ 'സെല്‍ഫി' ചിത്രങ്ങള്‍ ഐ. എസ്. ആര്‍. ഒ പുറത്തുവിട്ടു. എല്‍ 1ന് ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തിലേക്കുള്ള യാത്രക്കിടെ ആദിത്യ പകര്‍ത്തിയ സെല്‍ഫിയും ഭൂമിയുടേയും ചന്ദ്രന്റേയും ചിത്രവുമാണ് ഐ. എസ്. ആര്‍. ഒ പുറത്തുവിട്ടത്.
സെപ്റ്റംബര്‍ രണ്ടിന് ആകാശത്തേക്കുയര്‍ന്ന ആദിത്യ എല്‍ 1 125 ദിവസം യാത്ര ചെയ്ത് 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തുക. വിക്ഷേപണത്തിനു ശേഷം ഭൂമിയില്‍ നിന്ന് ഏറ്റവും കൂടിയ അകലമായ 19,500 കിലോമീറ്ററും കുറഞ്ഞ അകലമായ 253 കിലോമീറ്ററും വരുന്ന ദീര്‍ഘ വൃത്ത ഭ്രമണപഥത്തില്‍ എത്തുന്ന പേടകത്തെ പിന്നീട് ഘട്ടംഘട്ടമായി ലക്ഷ്യസ്ഥാനത്തെത്തിക്കാമെന്നാണ് പ്രതീക്ഷ. ഗ്രഹണം ഉള്‍പ്പെടെയുള്ള തടസ്സങ്ങള്‍ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാന്‍ ഈ പോയിന്റിലെത്തുന്നതോടെ സാധിക്കുമെന്നാണ് ഐ. എസ്. ആര്‍. ഒ പ്രതീക്ഷിക്കുന്നത്.