Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇന്ത്യൻ സ്‌കൂൾ: പ്രിൻസിപ്പലിനെ നീക്കുന്നതിൽ ഭിന്നത; മാനേജിംഗ് കമ്മിറ്റിയംഗം രാജി നൽകി

ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ സെയ്ദ് മസൂദിനെ സർവീസിൽ നിന്ന് നീക്കുന്നതുമായി ബന്ധപ്പെട്ട് മാനേജിംഗ് കമ്മിറ്റിയും ഹയർ ബോർഡും തമ്മിൽ ഉടലെടുത്ത ഭിന്നത സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക്. ഹയർ ബോർഡിന്റെ നിർദേശം മാനേജിംഗ് കമ്മിറ്റി നിരസിച്ചതാണ് പ്രശ്‌നത്തിലേക്ക് നയിച്ചതെന്ന് അറിയുന്നു.
അടുത്ത മാർച്ചിൽ പ്രിൻസിപ്പൽ സെയ്ദ് മസൂദ് റിട്ടയർ ചെയ്യേണ്ടതാണ്. എന്നാൽ അതിന് മുമ്പേ ഈ മാസം തന്നെ അദ്ദേഹത്തെ പിരിച്ചുവിടാൻ ഹയർ ബോർഡ് നിർദേശം നൽകുകയായിരുന്നുവത്രെ. എന്നാൽ ആറംഗ മാനേജിംഗ് സമിതിയിൽ അഞ്ചംഗങ്ങളും ഈ നീക്കത്തെ എതിർത്തു. ഇതോടെ മാനേജിംഗ് സമിതിയെ തന്നെ പിരിച്ചുവിടാൻ നീക്കം നടക്കുന്നതായി അഭ്യൂഹം ശക്തമായതോടെയാണ് കമ്മിറ്റി അംഗങ്ങൾ സൗദി വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിക്കുന്നത്. ആറംഗ മാനേജിംഗ് കമ്മിറ്റിയിലെ ഒരംഗം ഇതിനകം രാജിവെച്ചിട്ടുണ്ട്. രാജിക്കത്ത് തനിക്ക് ലഭിച്ചതായി മാനേജിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ഷംസുദ്ദീൻ സ്ഥിരീകരിച്ചു. പ്രിൻസിപ്പലിനെ പിരിച്ചുവിടണമെന്ന ഹയർ ബോർഡിന്റെ ആവർത്തിച്ചുള്ള നിർദേശം കമ്മിറ്റി തള്ളിയതിന് പിന്നാലെയായിരുന്നു രാജി. നാട്ടിലായിരുന്ന അംഗം ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഏഴ് അംഗങ്ങളുണ്ടായിരുന്ന സമിതിയിൽ നിന്ന് ഒരംഗം സാങ്കേതിക കാരണങ്ങളാൽ നേരത്തെ രാജിവെച്ചിരുന്നു.
സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ കമ്മിറ്റിയെ പിരിച്ചുവിടാൻ സാധിക്കുകയുള്ളൂ. അതിനാൽ ഹയർ ബോർഡ് ഈ വഴിക്ക് നീങ്ങുകയാണെങ്കിൽ വിദ്യാഭ്യാസ മന്ത്രാലയത്തെ കാര്യങ്ങൾ ധരിപ്പിക്കാനാണ് മാനേജിംഗ് കമ്മിറ്റി ആലോചിക്കുന്നത്. 
മാനേജിംഗ് കമ്മിറ്റിയെ പിരിച്ചുവിടാനുള്ള നീക്കം ശക്തമാണെന്നും ബന്ധപ്പെട്ടവർ ഇതിനായുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്നും അറിവു ലഭിച്ചതായി കമ്മിറ്റിയുമായി അടുത്ത കേന്ദ്രങ്ങൾ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഹയർ ബോർഡോ മറ്റേതെങ്കിലും കേന്ദ്രങ്ങളോ പ്രതികരണങ്ങൾ അറിയിച്ചിട്ടില്ല.
 

Tags

Latest News