പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത് ഇതാദ്യമല്ല, ഓഗസ്റ്റിലെ രേഖകളിലും ഇതുതന്നെ

ന്യൂദല്‍ഹി - ജി20 അത്താഴ വിരുന്നിന് രാഷ്ട്രനേതാക്കള്‍ക്കുള്ള ക്ഷണത്തില്‍ 'ഭാരതത്തിന്റെ പ്രസിഡന്റ്' എന്ന പരാമര്‍ശം വിവാദമായി തുടരുകയാണ്. എന്നാല്‍ ഔദ്യോഗിക കത്തുകളിലും വിജ്ഞാപനത്തിലും ഈ പദം ഉപയോഗിക്കുന്നത് ഇതാദ്യമല്ല.

ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന 15 ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തിരുന്നു, തുടര്‍ന്ന് ഗ്രീസും സന്ദര്‍ശിച്ചു. ഓഗസ്റ്റ് 22 മുതല്‍ 25 വരെ ഇരു രാജ്യങ്ങളിലെയും സന്ദര്‍ശനത്തിനുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അദ്ദേഹത്തെ 'ഭാരതത്തിന്റെ പ്രധാനമന്ത്രി' എന്നാണ് പരാമര്‍ശിച്ചത്.
ദേശീയ തലസ്ഥാനത്ത് നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി, ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡുകളില്‍  'ഭാരത് ഉദ്യോഗസ്ഥന്‍' എന്നാണുള്ളത്.

20 ാമത് ആസിയാന്‍ ഇന്ത്യ ഉച്ചകോടിക്കും 18 ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡി സെപ്റ്റംബര്‍ 6, 7 തീയതികളില്‍ ഇന്തോനേഷ്യ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിലും പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്നാണുള്ളത്.

 

Latest News