ന്യൂദല്‍ഹി- ഈയാഴ്ച നടക്കുന്ന ജി20 ഉച്ചകോടിയില്‍നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഒഴിവായത് അസാധാരണമല്ലെന്നും യോഗത്തില്‍ സമവായ പ്രസ്താവന ഉണ്ടാക്കുന്നതിനുള്ള ചര്‍ച്ചകളെ ബാധിക്കില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ചൈനീസ് പ്രസിഡന്റ് വരാത്തത് സംബന്ധിച്ച് ഇന്ത്യക്ക് ഒന്നും ചെയ്യാനില്ല.
'വളരെ പ്രക്ഷുബ്ധമായ' ആഗോള സാഹചര്യത്തിലാണ് സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലെ നേതാക്കളുടെ ഉച്ചകോടി നടക്കുന്നത്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ജി 20 ന്റെ പ്രതീക്ഷകള്‍ 'വളരെ ഉയര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈനിലും മറ്റ് പ്രതിസന്ധികളിലും മോസ്‌കോയുടെ നിലപാട് ഉച്ചകോടി പ്രതിഫലിപ്പിക്കുന്നില്ലെങ്കില്‍ ഉച്ചകോടിയുടെ അന്തിമ പ്രഖ്യാപനം റഷ്യ തടയുമെന്ന് പ്രസിഡന്റ് വഌഡിമിര്‍ പുടിന് പകരം മോസ്‌കോയെ പ്രതിനിധീകരിക്കുന്ന റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്‌റോവിന്റെ പ്രസ്താവന ജയശങ്കര്‍ തള്ളി.