Sorry, you need to enable JavaScript to visit this website.

അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നു- സോണിയക്ക് മറുപടിയുമായി പാര്‍ലമെന്ററികാര്യ മന്ത്രി

ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ രാഷ്ട്രീയവത്കരിക്കാനും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാനും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ശ്രമിക്കുന്നുവെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് ഒരു അജണ്ടയും പട്ടികപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സോണിയ കത്തെഴുതിയതിന്റെ പ്രതികരണമാണ് ജോഷിയുടെ പ്രസ്താവന. മണിപ്പൂരിലെ അക്രമവും വിലക്കയറ്റവും ഉള്‍പ്പെടെ ഒമ്പത് വിഷയങ്ങള്‍ വരാനിരിക്കുന്ന സെഷനില്‍ ചര്‍ച്ച ചെയ്യണമെന്ന് സോണിയ നിര്‍ദ്ദേശിച്ചിരുന്നു.
'ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തെ രാഷ്ട്രീയവത്കരിക്കാനും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാനും നിങ്ങള്‍ ശ്രമിക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്,- പാര്‍ലമെന്ററി കാര്യ മന്ത്രി പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സെപ്റ്റംബര്‍ 18 മുതല്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുമായി ഒരിക്കലും മുന്‍കൂട്ടി ആലോചിക്കാറില്ല- ജോഷി കൂട്ടിച്ചേര്‍ത്തു.
സോണിയ ഗാന്ധി നിര്‍ദേശിച്ച വിഷയങ്ങള്‍ മണ്‍സൂണ്‍ സെഷനില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ ചര്‍ച്ച ചെയ്ത് മറുപടി നല്‍കിയവയാണെന്ന് ജോഷി പറഞ്ഞു. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം.

 

Latest News