ഇംഫാല്‍ - മണിപ്പൂരിലെ ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകള്‍ക്കിടയിലുള്ള ബഫര്‍ സോണില്‍ സുരക്ഷാ സേന സ്ഥാപിച്ച ബാരിക്കേഡുകള്‍ക്ക് നേരെ കര്‍ഫ്യൂ ലംഘിച്ച് ബുധനാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ മാര്‍ച്ച് ചെയ്തു. ഇവരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ അമ്പതിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിഷ്ണുപൂര്‍ ജില്ലയിലെ ഫൗഗക്ചാവോ ഇഖായില്‍ പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്ന് ആര്‍മി ബാരിക്കേഡ് തള്ളി നീക്കി.
മെയ്‌തേയ് സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെ കൂട്ടായ്മയായ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഹ്വാനത്തെത്തുടര്‍ന്നാണ് മണിപ്പൂരിലെ മെയ്തി ഭൂരിപക്ഷ താഴ്‌വര മേഖലയില്‍ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധക്കാര്‍ പുറത്തിറങ്ങി.
ചിന്‍കുക്കി ഭൂരിപക്ഷ പ്രദേശമായ ചുരാചന്ദ്പൂരിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കമ്മിറ്റി അറിയിച്ചു. ഇത് സംസ്ഥാനത്തെ പ്രതിസന്ധി കൂടുതല്‍ വഷളാക്കുമെന്നതിനാല്‍ ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന ഇവര്‍ അവഗണിച്ചു.
ബാരിക്കേഡുകള്‍ക്ക് അപ്പുറത്ത് മെയ്തികളുടെ ഭൂമിയാണെന്നും അവിടെ താമസിക്കാനും ഭൂമി തിരികെ ലഭിക്കാനും ആഗ്രഹിക്കുന്നതായും കോര്‍ഡിനേറ്റര്‍ ജീതേന്ദ്ര നിങ്കോമ്പ പറഞ്ഞു.