ചിത്രാൽ- പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചിത്രാലിൽ പാകിസ്ഥാൻ താലിബാൻ( തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ-ടിടിപി) വലിയ തോതിലുള്ള സൈനിക ആക്രമണം ആരംഭിച്ചതായി റിപ്പോർട്ട്. പ്രദേശത്തെ നിരവധി ഗ്രാമങ്ങൾ കീഴടക്കി. നിരവധി പാക് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു.
ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ചിത്രാൽ ജില്ലയിൽ ടിടിപി ആക്രമണം ആരംഭിച്ചത്. ചിത്രങ്ങൾ പങ്കിടുമെന്നും നിലവിൽ ഇന്റർനെറ്റ് പ്രശ്‌നമുണ്ടെന്നും ടിടിപി കമാൻഡർ ഖൊറാസാൻ ഡയറിയോട് ടെലിഫോണിൽ പറഞ്ഞു. ഏറ്റുമുട്ടലിൽ പാകിസ്ഥാൻ സേനയിലെ നിരവധി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്നും എക്‌സിൽ നൽകിയ പോസ്റ്റുകളിൽ അവകാശപ്പെട്ടു. ഏറ്റുമുട്ടലിനെക്കുറിച്ച് പാകിസ്ഥാൻ മാധ്യമങ്ങൾ നിശബ്ദമാണ്.
ശാന്തനായിരിക്കണമെന്ന് ചിത്രാലിലെ ജനങ്ങളോട് പറയാൻ ആഗ്രഹിക്കുന്നുവെന്നും നിങ്ങൾക്ക് ഒരു ദോഷവും വരില്ലെന്നും ഞങ്ങളുടെ യുദ്ധം കൊള്ളയടിക്കുന്നതും അടിച്ചമർത്തുന്നതുമായ സുരക്ഷാ ഏജൻസികൾക്കെതിരെയാണെന്നും ടിടിപി വക്താവ് മുഹമ്മദ് ഖുറസാനി പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
എക്സിലെ സ്ഥിരീകരിക്കാത്ത വിവിധ വീഡിയോകളിൽ താലിബാൻ സൈന്യം ചിത്രാൽ ജില്ലയിൽ പ്രവേശിക്കുന്നതായി കാണിക്കുന്നുണ്ട്. പിടിക്കപ്പെട്ട നിരവധി സൈനികരെയും സ്ഥിരീകരിക്കാത്ത വീഡിയോകൾ കാണിക്കുന്നു. എന്നാൽ ടിടിപിയുടെ അവകാശവാദങ്ങൾ നിരസിച്ച് മുതിർ പാക് സൈനിക ഉദ്യോഗസ്ഥൻ തീവ്രവാദികൾ ഒരു പ്രദേശവും പിടിച്ചെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി.