ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി സഖ്യകക്ഷിയായ ലോക് ജന്‍ശക്തി പാര്‍ട്ടി (എല്‍.ജെ.പി). സുപ്രീം കോടതി ജഡ്ജ് ആയിരിക്കെ ദളിതര്‍ക്കെതിരായ അതിക്രമം തടയല്‍ (എസ്.സി എസ്.ടി) നിയമത്തിലെ കടുത്ത വകുപ്പുകള്‍ എടുത്തു മാറ്റിയ ജസ്റ്റിസ് എ.കെ ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍.ജി.ടി) അധ്യക്ഷനായി നിയമിച്ചതിനെ ചൊല്ലിയാണ് എല്‍.ജെ.പി ഇടഞ്ഞിരിക്കുന്നത്. ജസ്റ്റിസ് ഗോയലിനെ എന്‍.ജി.ടി അധ്യക്ഷ പദവയില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ അടുത്തമാസം ദളിത് സംഘടനകള്‍ നടത്താനിരിക്കുന്ന പ്രക്ഷോഭത്തില്‍ എല്‍.ജെ.പിയും കേന്ദ്ര സര്‍ക്കാരിനെതിരെ തെരുവിലിറങ്ങുമെന്നാണ് പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാനും അദ്ദേഹത്തിന്റെ മകന്‍ ചിരാഗ് പാസ്വാനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എല്‍.ജെ.പിയുടെ ആവശ്യം ഓഗസ്റ്റ് ഒമ്പതിനു മുമ്പായി അംഗീകരിക്കണമെന്നും ചിരാഗ് ആവശ്യപ്പെട്ടു. എന്‍.ഡി.എയ്ക്ക് നല്‍കുന്ന പിന്തുണ പ്രശ്‌നാധിഷ്ഠിതമാണെന്നും ചിരാഗ് പറഞ്ഞു.
അതേസമയം ടി.ഡി.പിയെ പോലെ എന്‍.ഡി.എ വിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗമായി കൊണ്ട് തന്നെ ദളിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതും. ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഉടന്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ചിരാഗ് പറഞ്ഞു. ജസ്റ്റിസ് ഗോയലിനെ എന്‍.ജി.ടി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചിരാഗ് പ്രധാനമന്ത്രി മോഡിക്ക് കത്തെഴുതിയിരുന്നു.
ജസ്റ്റിസ് ഗോയല്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയന്‍ നിയമത്തിലെ സുപ്രധാന വകുപ്പുകള്‍ ഭേദഗതി ചെയ്തത്. ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് പോലീസ് പരിശോധന വേണമെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് സുപ്രീം കോടതി വിധിച്ചത്. എന്നാല്‍ ഈ രണ്ടു ഭേദഗതകളും റദ്ദാക്കണമെന്നാണ് ദളിത് സംഘടനകളുടെ ആവശ്യം. എടുത്തു കളഞ്ഞ ഈ വകുപ്പുകള്‍ പുനസ്ഥാപിക്കുന്നതിനി പാര്‍ലമെന്റില്‍ ബില്‍ കൊണ്ടു വരണമെന്നും കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാനും മകന്‍ ചിരാഗ് പാസ്വാനും ആവശ്യപ്പെട്ടിരുന്നു. ബില്‍ കൊണ്ടുവരാനായില്ലെങ്കില്‍ ഓര്‍ഡിനന്‍ ഇറക്കണെന്നും ഇവര്‍ ആവശ്യപ്പെട്ടു.