ഹൈദരാബാദ്- എട്ട് വർഷം മുമ്പ് ആത്മീയ ഗുരു ചമഞ്ഞ് ആളുകളെ കബളിപ്പിച്ച് 34.34 കോടി രൂപ തട്ടിയ ആൾ അറസ്റ്റിൽ. സാമൂഹിക പ്രവർത്തനത്തിന്റെ മറവിൽ രാത്രി ഷെൽട്ടറുകൾ നിർമിക്കാനെന്ന പേരിലാണ് ഇയാൾ പണം സ്വരൂപിച്ചതെന്ന് പോലീസ്. പറഞ്ഞു.കോതപേട്ടയിലെ ആർകെ പുരം സ്വദേശിയായ മദ്ദുരു ഉമാ ശങ്കറാണ് രണ്ട് ജാമ്യമില്ലാ കേസുകളിലും ആളുകളെ കബളിപ്പിച്ചതിന് മറ്റൊരു കേസിലും അറസ്റ്റിലായത്. ജനങ്ങളെ ആത്മീയമായി ഉന്നമിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് 2006 മുതൽ ഉമാ ശങ്കർ ആളുകളിൽ നിന്ന് 30 കോടി രൂപ സ്വരൂപിച്ചു. അശരണർക്ക് രാത്രി ഷെൽട്ടറുകൾ നിർമ്മിക്കാൻ സാമൂഹിക ഗ്രൂപ്പുകളെ സഹായിക്കുമെന്നും ഗോശാലകളും വൃദ്ധസദനങ്ങളും സ്ഥാപിക്കുമെന്നുമായിരുന്നു അവകാശ വാദം. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. 2009-ൽ ഉമാ ശങ്കർ തന്റെ സ്വകാര്യ ആവശ്യങ്ങൾക്ക് പണം ഉപയോഗിക്കുകയാണെന്ന് പണം നൽകയിവർക്ക് സംശയം തോന്നി. സാമ്പത്തിക ഇടപാടുകൾക്ക് രേഖാമൂലമുള്ള തെളിവുകളൊന്നും ഉണ്ടായിരുന്നില്ല.
അസ്മാൻഗഢിൽ നിന്നുള്ള സ്വകാര്യ കമ്പനി ജീവനക്കാരൻ എം.എസ്.ഗിരി പ്രസാദിന്റെ (41) പരാതിയുടെ അടിസ്ഥാനത്തിൽ ചൈതന്യപുരി പോലീസ് ഉമാ ശങ്കറിനെതിരെ 2015-ൽ കേസ് രജിസ്റ്റർ ചെയ്തു. ഉമാ ശങ്കർ ആത്മീയ ഗുരുവായി വേഷമിട്ട് ജനങ്ങളെ വഞ്ചിച്ചതായി ഗിരി പ്രസാദ് ആരോപിച്ചു. 2015 മെയ് 19 ന് ഐപിസി സെക്ഷൻ 406 (ക്രിമിനൽ വിശ്വാസ ലംഘനം), 420 (വഞ്ചന, സത്യസന്ധമല്ലാത്തത്) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നാല് കോടി രൂപ കബളിപ്പിച്ചതിന് രണ്ടാമത്തെ കേസ് 2015 നവംബർ രണ്ടിന് സിസിഎസ് പോലീസ് രജിസ്റ്റർ ചെയ്തു. റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുമെന്ന വ്യാജേനയാണ് പണം സ്വരൂപിച്ചിരുന്നത്. 17.5 ലക്ഷം രൂപയുടെ തട്ടിപ്പിന് 2015 നവംബർ 11 ന് ചൈതന്യപുരി പോലീസ് സ്റ്റേഷനിൽ മൂന്നാമത്തെ കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് കേസുകളും 2015 ഡിസംബറിൽ സിഐഡിക്ക് കൈമാറി. സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.
കൊമ്പള്ളിയിൽ നിന്നാണ് പ്രത്യേക സംഘം ഇയാളെ പിടികൂടിയതെന്ന് തെലങ്കാന സിഐഡി അറിയിച്ചു.