ന്യൂദല്‍ഹി - പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ ' യ്ക്ക് വേണ്ടി സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിപക്ഷ സഖ്യം ഉയര്‍ത്തുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ, അദാനി വിഷയം, മണിപ്പൂര്‍ കലാപം, ചൈനീസ് കടന്നുകയറ്റം അടക്കമുള്ള വിഷയങ്ങളിലാണ് ചര്‍ച്ച ആവശ്യപ്പെട്ടത്. ഇന്നലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ' ഇന്ത്യ ' സഖ്യം കക്ഷി നേതാക്കളുടെ യോഗത്തില്‍ പ്രധാനമന്ത്രിക്ക് കത്ത് അയക്കാന്‍ തീരുമാനിച്ചിരുന്നു. ഈ മാസം 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റ് പ്രത്യേക സമ്മേളനം ചേരുന്നത്. സമ്മേളന അജണ്ടയെച്ചൊല്ലി അഭ്യൂഹങ്ങള്‍ ശക്തമാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള നീക്കമാണെന്നും ഇന്ത്യയെന്ന പേരുമാറ്റി ഭാരതം എന്നാക്കാനുള്ള നീക്കമാണെന്നും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.