ലണ്ടന്‍- ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ജി.സി.എസ്.ഇ) പരീക്ഷയില്‍ 34 വിഷയങ്ങളില്‍ ടോപ്പ് ഗ്രേഡ് നേടി റെക്കോര്‍ഡ് സ്ഥാപിച്ച ലണ്ടനിലെ പാകിസ്ഥാന്‍ പെണ്‍കുട്ടിയെ യു.കെ തലസ്ഥാനത്ത് മുന്‍ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും ഷെഹ്ബാസ് ഷെരീഫും ആദരിച്ചു.
16 വയസ്സുള്ള ബ്രിട്ടീഷ്-പാകിസ്ഥാന്‍ വിദ്യാര്‍ഥി മഹ്‌നൂര്‍ ചീമ, യു.കെയുടെയും യൂറോപ്യന്‍ യൂണിയന്റെയും ചരിത്രത്തില്‍ ഇതുവരെ ഒരു വിദ്യാര്‍ഥി എടുത്ത ഏറ്റവും കൂടുതല്‍ ജി.സി.എസ്.ഇ വിഷയങ്ങള്‍ തെരഞ്ഞെടുത്ത വിദ്യാര്‍ഥിയാണ്.
'മഹ്‌നൂര്‍ ചീമയെ പോലെയുള്ള മിടുക്കരായ യുവമനസ്സുകളെ കണ്ടുമുട്ടുന്നത് എല്ലായ്‌പ്പോഴും വളരെയധികം ഉന്മേഷദായകമാണ്. ഗണിതവും ജ്യോതിശാസ്ത്രവും മുതല്‍ ഫ്രഞ്ചും ലാറ്റിനും വരെയുള്ള വിവിധ വിഷയങ്ങളില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ മഹ്‌നൂര്‍ നമ്മെ എല്ലാവരേയും അഭിമാനിപ്പിക്കുക മാത്രമല്ല, നമ്മുടെ കുട്ടികള്‍ക്ക് മികച്ച മാതൃകയാക്കുകയും ചെയ്തു- ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രിമാര്‍ അവള്‍ക്ക് മാക്ബുക്ക് പ്രോ ലാപ്‌ടോപ്പും സമ്മാനിച്ചു.
കഴിഞ്ഞ ദശകത്തില്‍, വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്രചോദനത്തിന്റെ ഉറവിടങ്ങളായ ഡാനിഷ് സ്‌കൂളിലെ ഇനാമുള്ള മുതല്‍ മലാല വരെയുള്ള നിരവധി മിടുക്കരായ വിദ്യാര്‍ത്ഥികളെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. ഈ അസാധാരണമായ വിജയഗാഥകള്‍ തീര്‍ച്ചയായും കൂടുതല്‍ പാക്കിസ്ഥാനികളെ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രചോദിപ്പിക്കും- ഷെഹ്ബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.