Sorry, you need to enable JavaScript to visit this website.

ലണ്ടനില്‍ 'ഒളിച്ചു താമസിക്കുന്ന' ലളിത് മോഡി, സാല്‍വെയുടെ വിവാഹ ചടങ്ങില്‍... വിവാദം

ന്യൂദല്‍ഹി- ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ തന്റെ ബ്രിട്ടീഷ് പങ്കാളിയായ ട്രീനയെ ഞായറാഴ്ച ലണ്ടനില്‍ വിവാഹം കഴിച്ചു. നിത അംബാനി, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍, മോഡല്‍ ഉജ്ജ്വല റാവത്ത് എന്നിവരുള്‍പ്പെടെയുള്ള ഉന്നത അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തു. എന്നാല്‍ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിയുടെ സാന്നിധ്യം രാഷ്ട്രീയ വിവാദത്തിന് കാരണമായിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ അന്വേഷണം നേരിടുന്ന ലളിത് മോഡി 2010ല്‍ ഇന്ത്യ വിട്ടതാണ്. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളായ സാല്‍വെയുടെ വിവാഹച്ചടങ്ങില്‍ രാജ്യത്തുനിന്ന് ഒളിച്ചോടിയ ആള്‍ പങ്കെടുത്തതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. വിവാഹത്തില്‍ ലളിത് മോഡിയുടെ സാന്നിധ്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി.

'സര്‍ക്കാരിന്റെ ബി.ജെ.പി അഭിഭാഷകന്‍ മൂന്നാമതും വിവാഹം കഴിക്കുന്നതിനെക്കുറിച്ചല്ല ആശങ്കപ്പെടുന്നത്, ഇന്ത്യന്‍ നിയമത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു അതിഥിയുടെ സാന്നിധ്യമാണ്. മോഡി സര്‍ക്കാരിന്റെ പ്രിയപ്പെട്ട അഭിഭാഷകന്റെ കല്യാണം ആഘോഷിക്കുന്നു. ആര് ആരെയാണ് സഹായിക്കുന്നത്, സംരക്ഷിക്കുന്നത് എന്നത് ഇപ്പോള്‍ ഒരു ചോദ്യമല്ല,' ചതുര്‍വേദി ട്വീറ്റ് ചെയ്തു.
സാല്‍വെയുടെ വിവാഹത്തില്‍ ലളിത് മോഡിയുടെ സാന്നിധ്യത്തെ വിമര്‍ശിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ പ്രിതേഷ് ഷാ പറഞ്ഞു, 'നീരവ് മോഡി, ലളിത് മോഡി എന്നിവരെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി. അടുത്തിടെ മോഡി സര്‍ക്കാര്‍ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തില്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കി. ഒളിച്ചോടിയ ലളിത് മോഡിക്കൊപ്പം ചടങ്ങ് ആസ്വദിക്കുന്ന ഹരീഷ് സാല്‍വെ ആ സമിതിയുടെ ഭാഗമാണ്.
ആം ആദ്മി പാര്‍ട്ടിയും (എഎപി) സംഭവത്തില്‍ വിമര്‍ശവുമായി രംഗത്തെത്തി.

 

Latest News