ജമ്മു- ഭാര്യയെ ഉപേക്ഷിച്ച് മുന്‍ സൈനികന്റെ മകളെ തട്ടിക്കൊണ്ടു പോയി കൂടെ താമസിപ്പിക്കുന്ന ജമ്മു കശ്മീര്‍ ബി.ജെ.പി എം.എല്‍.എ ഗഗന്‍ ഭഗത്തിനെ പാര്‍ട്ടി അച്ചടക്ക സമിതി മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ആര്‍.എസ് പുര എം.എല്‍.എയായ ഭഗത്ത് കോളെജ് വിദ്യാര്‍ത്ഥിനിയായ തന്റെ മകളെ തട്ടിക്കൊണ്ടു പോയതായാണ് മുന്‍ സൈനികന്റെ പരാതി. എം.എല്‍.എ പെണ്‍കുട്ടിയുമായി ഒന്നിച്ചു താമസിക്കുന്നതായി ആരോപിച്ച് ഭാര്യയും നേരത്തെ രംഗത്തെത്തിയിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധിക്കുള്ളില്‍ തര്‍ക്കങ്ങളെല്ലാം പരിഹരിച്ച് പരാതിക്കാരെ സംതൃപ്തരാക്കണമെന്നും ബി.ജെ.പി എം.എല്‍.എയെ താക്കീതു ചെയ്തു. ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം പെണ്‍കുട്ടി തട്ടിക്കൊണ്ടു പോയതല്ലെന്നാണ് ഭഗത്ത് പറയുന്നത്. പെണ്‍കുട്ടിയും ഇതാണ് പറയുന്നത്. ഇരുവരും വിവാഹം കഴിച്ച് ഒന്നിച്ചു താമസിച്ചു വരികയാണെന്നും തട്ടിക്കൊണ്ടു പോകല്‍ ആരോപണം തങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വിവാഹ മോചന നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി വനിതാ വിഭാഗം നേതാവു കൂടിയായ മുന്‍ ഭാര്യ നേരത്തെ ഗഗന്‍ ഭഗത്തിനെതിരെ രംഗത്തു വന്നിരുന്നു.