ദോഹ- ലോകോത്തര വിമാനത്താവളമെന്ന ഖ്യാതിയും പുരസ്‌കാരങ്ങളും സ്വന്തമാക്കിയ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുന്ന നൂതന സാങ്കേതിക വിദ്യകളുമായി രംഗത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന യാത്രക്കാരെ സഹായിക്കാന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാസഞ്ചര്‍ ഡിജിറ്റല്‍ അസിസ്റ്റന്‍സ് കിയോസ്‌കുകള്‍ ആരംഭിച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. അറ്റോസ്, റോയല്‍ ഷിഫോള്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് യാത്രക്കാര്‍ക്ക് സവിശേഷമായ യാത്രാനുഭവം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പാസഞ്ചര്‍ ഡിജിറ്റല്‍ അസിസ്റ്റന്‍സ് കിയോസ്‌കുകള്‍ ആരംഭിച്ചത്. വിവരങ്ങളിലേക്കുള്ള സൗകര്യപ്രദമായ ആക്സസ്, നാവിഗേഷനില്‍ സഹായം, ഉപഭോക്തൃ സേവന ഏജന്റുമാര്‍ക്ക് തത്സമയ വീഡിയോ കോളുകള്‍ നല്‍കല്‍, യാത്രക്കാര്‍ക്ക് സുഗമമായ യാത്രകള്‍ ഉറപ്പാക്കല്‍ എന്നിവ പരിഗണിച്ചാണ് ഈ കിയോസ്‌കുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .
കിയോസ്‌കുകള്‍ക്ക് 20 ഭാഷകളില്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയും. വഴി കണ്ടെത്തുന്നതിന് എയര്‍പോര്‍ട്ട് മാപ്പ്, ഫ്‌ലൈറ്റ് വിവരങ്ങള്‍, എയര്‍പോര്‍ട്ട് സേവനങ്ങള്‍, റീട്ടെയില്‍, എഫ് ആന്‍ഡ് ബി ഔട്ട്‌ലെറ്റുകള്‍, എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെ ഇവന്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ഈ കിയോസ്‌കുകള്‍ എല്ലാ തരത്തിലുമുള്ള വിവരങ്ങളും നല്‍കുന്നതിന് പുറമെ നാവിഗേഷന്‍ സഹായവും കസ്റ്റമര്‍ സര്‍വീസ് ഏജന്റുമാരുമായി സംസാരിക്കാനുള്ള സൗകര്യവും നല്‍കും. യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 160 ഓളം ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേയ്‌സിന്റെ ആസ്ഥാനമെന്ന നിലക്ക് നിത്യവും പതിനായിരക്കണക്കിന് യാത്രക്കാരാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോകുന്നത്.
'ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും വരുന്ന എല്ലാ യാത്രക്കാര്‍ക്കും ഏറ്റവും മികച്ച എയര്‍പോര്‍ട്ട് അനുഭവം സൃഷ്ടിക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയും നൂതനമായ പരിഹാരങ്ങളിലും നടപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ കദ്രി പറഞ്ഞു.അത്യാധുനിക സാങ്കേതികവിദ്യയും നൂതനമായ പരിഹാരങ്ങളും; ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഏറ്റവും തടസ്സമില്ലാത്ത എയര്‍പോര്‍ട്ട് അനുഭവം സൃഷ്ടിക്കുന്നതിന്, ഞങ്ങള്‍ അറ്റോസ്, റോയല്‍ ഷിഫോള്‍ ഗ്രൂപ്പ് തുടങ്ങിയ വ്യവസായ നവീകരണ പ്രമുഖരുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് കദ്രി പറഞ്ഞു
അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മികച്ചതും സവിശേഷവുമായ യാത്രാനുഭവം സമ്മാനിക്കുന്നതിന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതിന്റെ പോര്‍ട്ട്ഫോളിയോയില്‍ പുതിയതും ശക്തവുമായ പങ്കാളിത്തം ചേര്‍ക്കുന്നത് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നൂതനമായ പരിഹാരങ്ങളും നൂതന സാങ്കേതികവിദ്യകളും അവതരിപ്പിക്കുക, വ്യവസായ നേതാവാകുക, എയര്‍പോര്‍ട്ട് വ്യവസായത്തിന്റെ മാനദണ്ഡം സ്ഥാപിക്കുക, പരമ്പരാഗത പരിഹാരങ്ങള്‍ക്കപ്പുറത്തേക്ക് വികസിപ്പിക്കുക. എല്ലാ യാത്രക്കാര്‍ക്കും അവിസ്മരണീയമായ ഒരു യാത്രാനുഭവം നല്‍കുക എന്നിവയാണ് ലക്ഷ്യം.